ഈ വർഷം മൂന്നാം പാദത്തിൽ സൗദിയിൽ പൊതുഗതാഗത ബസുകളിൽ യാത്ര ചെയ്തത് 2.55 കോടിയിലധികം പേർ

റിയാദ്: സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ പൊതുഗതാഗത ബസുകളിൽ 2026-ലെ മൂന്നാം പാദത്തിൽ യാത്ര ചെയ്തത് 2.55 കോടിയിലധികം പേർ. 2025-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 3.6 ശതമാനം വർധനവുണ്ടായതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടി.ജി.എ) അറിയിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങളോടുള്ള ജനങ്ങളുടെ ആശ്രയവും ഉപയോഗവും വർധിക്കുന്നതിന്റെ സൂചനയാണിത്.
പൊതുഗതാഗത ബസുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ വഹിച്ച നഗരങ്ങളിൽ റിയാദാണ് ഒന്നാമത്. 1.929 കോടിയിലധികം പേരാണ് റിയാദിൽ ബസ് സർവീസുകൾ ഉപയോഗിച്ചത്. 28.9 ലക്ഷത്തിലധികം യാത്രക്കാരുമായി മക്ക രണ്ടാം സ്ഥാനത്തും 11.9 ലക്ഷത്തിലധികം പേരുമായി ജിദ്ദ മൂന്നാം സ്ഥാനത്തുമാണ്.
ദമ്മാം മെട്രോപൊളിറ്റൻ മേഖലയിലും ഖത്തീഫ് ഗവർണറേറ്റിലുമായി 7.89 ലക്ഷത്തിലധികം പേർ പൊതുഗതാഗത ബസുകളിൽ യാത്ര ചെയ്തു. മദീനയിൽ യാത്രക്കാരുടെ എണ്ണം 5.68 ലക്ഷത്തിലധികമാണ്.
നഗരങ്ങൾക്കുള്ളിലെ പൊതുഗതാഗത സേവനങ്ങൾ വിപുലീകരിക്കുന്നതിനും കാര്യക്ഷമവും സുസ്ഥിരവുമായ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള ടി.ജി.എയുടെ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ കണക്കുകളെന്ന് അധികൃതർ വ്യക്തമാക്കി. ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.