സൗദിയിലെ സർക്കാർ ഏജൻസികൾ സുരക്ഷാ മുന്നൊരുക്കങ്ങൾ ശക്തമാക്കി; ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജം - വാർത്താവിനിമയ മന്ത്രി

റിയാദ്: സൗദി അറേബ്യയിലെ സർക്കാർ ഏജൻസികൾ സുരക്ഷാ മുന്നൊരുക്കങ്ങൾ ശക്തമാക്കിയതായും ഏത് അടിയന്തര സാഹചര്യവും നേരിടാൻ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനം ഉറപ്പാക്കിയതായും വാർത്താവിനിമയ മന്ത്രി സൽമാൻ അൽ ദോസരി പറഞ്ഞു. മിസൈൽ, ഡ്രോൺ ഭീഷണികളെ നേരിടാൻ രാജ്യത്തിന് അത്യാധുനിക സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിയിലെ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതി വിഭാഗം നടത്തിയ ആക്രമണങ്ങളെ മന്ത്രി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാൻ സായുധസേനയ്ക്കുള്ള ശേഷിയിൽ അഭിമാനമുണ്ടെന്നും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വികസന പ്രവർത്തനങ്ങളുമായി രാജ്യം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് നടന്ന സർക്കാർ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പൗരന്മാരുടെയും രാജ്യത്ത് താമസിക്കുന്ന വിദേശികളുടെയും സുരക്ഷയ്ക്കാണ് സൗദി ഭരണകൂടം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. വിവിധ സർക്കാർ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ട്. അടിസ്ഥാന സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനായി പുതുക്കിയ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.
സുരക്ഷാ മുന്നൊരുക്കങ്ങൾ ശക്തമാക്കിയെന്നത് ആശങ്കയുടെ സൂചനയല്ലെന്നും ഏത് സാഹചര്യവും നേരിടാൻ രാജ്യം സജ്ജമാണെന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചും തുടർന്നുള്ള സംഭവവികാസങ്ങളെക്കുറിച്ചും സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി ഉടൻ വാർത്താസമ്മേളനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
പൗരന്മാരുടെയും വിദേശികളുടെയും ക്ഷേമത്തിന് മുൻഗണന
രാജ്യത്തിന്റെ പുരോഗതിയും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തലുമാണ് സർക്കാർ പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് അൽ ദോസരി പറഞ്ഞു. സൗദി പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കും ഒരുപോലെ പരിഗണന നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിയിൽ കഴിയുന്ന യമൻ പൗരന്മാരുടെ താമസരേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ രാജാവ് നൽകിയ നിർദേശവും അദ്ദേഹം ചൂണ്ടിക്കാട്ടി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രക്തദാന ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
ഭവനപദ്ധതിയും തൊഴിൽ മേഖലയിലെ നേട്ടങ്ങളും
2026-ന്റെ ആദ്യ പകുതിയിൽ 63,000-ത്തിലധികം സൗദി കുടുംബങ്ങൾ ആദ്യമായി സ്വന്തം വീട് സ്വന്തമാക്കിയതായി മന്ത്രി അറിയിച്ചു.
സർക്കാർ ടെൻഡറുകളും സംഭരണവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. നഗരങ്ങൾക്കിടയിലെ യാത്രാസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പത്ത് പുതിയ യാത്രാ ട്രെയിനുകൾ വാങ്ങുന്നതിനുള്ള ധനസഹായ കരാറിലും സൗദി റെയിൽവേ കമ്പനി (SAR) ഒപ്പുവച്ചു.
മാനവവിഭവശേഷി വികസന നിധിയായ 'ഹദഫ്' ഈ വർഷം ആദ്യ പകുതിയിൽ 3.29 ലക്ഷം സൗദി പൗരന്മാർക്ക് തൊഴിൽ ലഭിക്കാൻ സഹായിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 23 ശതമാനമാണ് വർധന.
മാനവവിഭവശേഷി, ഭരണനിർവഹണം, ഷിപ്പിങ്, പൊതുജനസമ്പർക്കം തുടങ്ങിയ മേഖലകളിലെ 69 തസ്തികകളിൽ 100 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള തീരുമാനവും പ്രാബല്യത്തിൽ വന്നു.
ഖനനം, ഊർജം, ജലവ്യവസായം ജബൽ സയ്യിദ് പദ്ധതിയിലെ പര്യവേക്ഷണത്തിൽ ഏകദേശം 11.4 കോടി ടൺ ധാതുസമ്പത്ത് കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. അപൂർവ ധാതുക്കളുടെ ഉയർന്ന സാന്നിധ്യവും യുറേനിയത്തിന്റെ സാധ്യതയും ഇവിടെ കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.
ഊർജസംഭരണ പദ്ധതികളുടെ മൂല്യം 450 കോടി റിയാലിലെത്തി. ജലവ്യവസായ മേഖലയിൽ പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനും വ്യവസായങ്ങൾ രാജ്യത്തിനകത്തേക്ക് കൊണ്ടുവരുന്നതിനുമായി ഏകദേശം 280 കോടി റിയാലിന്റെ നിക്ഷേപവും നടത്തിയിട്ടുണ്ട്.
ആരോഗ്യരംഗത്തും ഡിജിറ്റൽ സേവനങ്ങളിലും മുന്നേറ്റം ആരോഗ്യകരമായ നഗരങ്ങൾ എന്ന പദ്ധതിയിൽ സൗദി അറേബ്യ തുടർച്ചയായി നേതൃത്വം നിലനിർത്തുന്നതായി മന്ത്രി പറഞ്ഞു. റോബോട്ടിക് സംവിധാനങ്ങളുടെ സഹായത്തോടെ തുടർച്ചയായി 11 ശസ്ത്രക്രിയകളും വിജയകരമായി നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിയാദിന് വടക്കുള്ള മൽഹമിൽ നടന്ന അന്താരാഷ്ട്ര ഫാൽക്കൺറി ആൻഡ് ഹണ്ടിങ് എക്സിബിഷൻ 2026 ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര പരിപാടികൾക്ക് സൗദി ആതിഥേയത്വം വഹിച്ചതായും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ സർക്കാർ സേവനങ്ങളുടെ നിലവാരം വിലയിരുത്തുന്ന സൂചികയിൽ സൗദി അറേബ്യ തുടർച്ചയായി നാലാം തവണയും മേഖലയിൽ ഒന്നാമതെത്തി. മൊത്തം വിലയിരുത്തലിൽ 99 ശതമാനം മാർക്കാണ് രാജ്യം നേടിയത്.
Content Highlights: saudi news