സൗദിയിൽ ഭീകരവാദിയുടെ വധശിക്ഷ നടപ്പാക്കി

#ജാഫറലി പാലക്കോട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജിദ്ദ: തീവ്രവാദ സംഘടനയിൽ ചേരുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തുകയും ചെയ്ത ഭീകരവാദിയുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. സൗദി പൗരനായ അഹമ്മദ് ബിൻ ഹസൻ ബിൻ അലി അൽ ഇസയെ ആണ് ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്‌ച വധശിക്ഷയ്ക്ക് വിധേയനാക്കിയത്. സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്.

പ്രതി ഭീകര സംഘടനയിൽ ചേർന്ന് തീവ്രവാദം പോലെയുള്ള കുറ്റകൃത്യം ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു. നിരവധി തീവ്രവാദ ഘടകങ്ങളുമായി പങ്കുചേർന്നു. തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്ന നിരവധി കുറ്റകൃത്യങ്ങൾ ചെയ്തു. മറ്റുപലർക്കും വേണ്ടി ആയുധങ്ങളും വെടിക്കോപ്പുകളുടെ വ്യാപാരം നടത്തുകയും അത്  മൂടിവെക്കുകയും ചെയ്‌തതായും സൗദി ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

പ്രതിയെ പിടികൂടിയ ശേഷം ബന്ധപ്പെട്ട കോടതിക്ക് മുൻപാകെ ഹാജരാക്കി, ചുമത്തിയ കുറ്റം തെളിയിക്കുന്ന രേഖ പുറപ്പെടുവിക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തതായി മന്ത്രലയം പറഞ്ഞു. മേൽക്കോടതികളും ശിക്ഷാവിധി ശരിവച്ചതിനെ തുടർന്ന് ശരിഅത്ത് തീരുമാനമനുസരിച്ചു വിധി നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ഇതേത്തുടർന്നാണ് കിഴക്കൻ പ്രവിശ്യയിൽ പ്രതിക്കെതിരെയുള്ള ശിക്ഷ ചൊവ്വാഴ്ച നടപ്പാക്കിയത്.

നിരപരാധികളെ ആക്രമിക്കുക, അവരുടെ രക്തം ചൊരിയുക എന്നിവയ്ക്ക് ഏതൊരാൾക്കെതിരെയും ഇസ്ലാമിക ശരീഅത്ത് നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനു സൗദി സർക്കാർ ശ്രമിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Content Highlights: Saudi man sentenced to death over terror crime