സൗദിയുടെ ജിഡിപിയിൽ നിർമാണ മേഖലയ്ക്ക് 7.48 ശതമാനം പങ്ക്; രണ്ടാം പാദത്തിൽ 4.9 ശതമാനം വളർച്ച

#ജാഫറലി പാലക്കോട്.

റിയാദ്: 2026ലെ രണ്ടാം പാദത്തിൽ സൗദി അറേബ്യയുടെ നിർമാണ മേഖലയിൽ 4.9 ശതമാനം വളർച്ച രേഖപ്പെടുത്തി. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) മേഖലയുടെ സംഭാവന 7.48 ശതമാനമായും ഉയർന്നു. മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയത്തിന് കീഴിലെ ഡിസിഷൻ സപ്പോർട്ട് സെന്റർ പുറത്തിറക്കിയ ത്രൈമാസ ഭവന ബുള്ളറ്റിനിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്.

ഈ കാലയളവിൽ രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികളിലായി 13,307 പാർപ്പിട നിർമാണ പെർമിറ്റുകൾ അനുവദിച്ചു. നഗരങ്ങളിലെ ഭവന നിർമാണ പ്രവർത്തനങ്ങളുടെയും അനുബന്ധ വികസന, എൻജിനീയറിങ് സേവനങ്ങളുടെയും പുരോഗതി വ്യക്തമാക്കുന്നതാണ് ഈ കണക്ക്.

നിർമാണ ചെലവ് സൂചിക 103.85 പോയിന്റിലെത്തി. 2025ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.61 പോയിന്റിന്റെ വർധനയാണിത്. നിർമാണ സാമഗ്രികളുടെ ഉൽപാദനം, എൻജിനീയറിങ്, ഗതാഗതം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളുമായും നിർമാണ മേഖലക്ക് അടുത്ത ബന്ധമുണ്ട്. രാജ്യത്തെ ഭവന ലഭ്യത വർധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളും നഗരങ്ങളിലെ പൊതുസൗകര്യങ്ങളും വികസിപ്പിക്കുന്നതിനും മേഖല നിർണായക പങ്കുവഹിക്കുന്നു.

നിയമ, നിയന്ത്രണ ചട്ടക്കൂടുകൾ മെച്ചപ്പെടുത്തുക, മുനിസിപ്പൽ-ഭവന സേവനങ്ങളുടെ കാര്യക്ഷമത ഉയർത്തുക, സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നിവയാണ് മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് ബുള്ളറ്റിൻ വ്യക്തമാക്കി. നിക്ഷേപത്തിനും നഗരവികസനത്തിനും അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം നിർമാണ മേഖലയിൽ ആധുനിക സാങ്കേതികവിദ്യകളും നൂതന പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.