വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് ഫീസും പിഴയും അടച്ച് നാട്ടിലേക്ക് പോകാൻ അവസരം ഒരുക്കി സൗദി അറേബ്യ

ജിദ്ദ: വിസിറ്റ് വിസ കാലാവധി കഴിഞ്ഞ സൗദിയിലുള്ള എല്ലാ സന്ദർശക വിസക്കാർക്കും ഫീസും അതോടൊപ്പം പിഴയും അടച്ചു നാട്ടിലേക്ക് പോകാൻ അവസരം ഒരുക്കി സൗദി അറേബ്യ. ഇങ്ങനെ സൗദി വിട്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാസത്തെ സാവകാശം നൽകിയതായി അധികൃതർ അറിയിച്ചു. ഹിജ്‌റ വർഷാരംഭമായ ജൂൺ 26 മുതൽ ഒരു മാസക്കാലത്തേക്ക് അവസരം പ്രാബല്യത്തിൽ വന്നതായി സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. ഫീസും പിഴയും "സദാദ്" വഴി അടച്ചതിനുശേഷം അബ്ഷിറിലെ "തവാസുൽ" സേവനം വഴി അപേക്ഷ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
കാലാവധി കഴിഞ്ഞ വിസിറ്റ് വിസക്കാർക്ക് വിസ പുതുക്കി ഒരു മാസത്തിനകം ഫൈനൽ എക്സിറ്റ് വഴി നാട്ടിലേക്ക് പോകാനുള്ള സംവിധാനത്തിന് സൗദി ജവാസാത്ത് ആണ് തുടക്കം കുറിച്ചിട്ടുള്ളത്. വിസ കാലാവധി കഴിഞ്ഞ എല്ലാ സന്ദർശക വിസക്കാരും പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമായ അബ്ഷിറിലെ തവാസുൽ സേവനം വഴി അപേക്ഷിക്കുന്നതിലൂടെ സിംഗിൾ, മൾട്ടിപ്പിൾ സന്ദർശന വിസകളെല്ലാം പുതുക്കാനും സേവനം പ്രയോജനപ്പെടുത്താനുമാകും. വിസ കാലാവധി കഴിഞ്ഞവരുടെ സ്റ്റാറ്റസ് ശരിയാക്കാനും നാട്ടിലേക്ക് തിരിച്ചുപോകുന്നതിനും സാധിക്കും.
Content Highlights: Saudi Arabia offers a one-month amnesty for visitors with expired visit visas