സൗദി അറേബ്യ തിരിച്ചുപിടിച്ചത് 70,000-ത്തോളം പുരാവസ്തുക്കൾ; 28,577 എണ്ണം വിദേശത്തുനിന്ന്

റിയാദ്: സൗദി അറേബ്യയിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നുമായി 2026 വരെ ഏകദേശം 70,000 പുരാവസ്തുക്കൾ തിരിച്ചുപിടിച്ചതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു. ഇതിൽ 28,577 പുരാവസ്തുക്കളും വിദേശത്തുനിന്ന് തിരികെ എത്തിച്ചതാണ്.

രാജ്യത്തിനകത്തുനിന്ന് 41,000-ത്തിലധികം പുരാവസ്തുക്കളാണ് വീണ്ടെടുത്തത്. ആകെ തിരിച്ചുപിടിച്ച പുരാവസ്തുക്കളിൽ 40 ശതമാനത്തിലധികം വിദേശത്തുനിന്ന് തിരികെ ലഭിച്ചവയാണെന്നും കമ്മീഷൻ വ്യക്തമാക്കി.

വീണ്ടെടുക്കൽ നടപടികളിലെ ശ്രദ്ധേയമായ സംഭവങ്ങളിലൊന്നാണ് 2019-ൽ അമേരിക്കൻ കുടുംബങ്ങൾ സൗദിക്ക് കൈമാറിയ 1,127 പുരാവസ്തുക്കൾ. 1960-കളിൽ സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന ബന്ധുക്കളുടെ കൈവശം സൂക്ഷിച്ചിരുന്നവയായിരുന്നു ഈ പുരാവസ്തുക്കൾ.

മറ്റൊരു സംഭവത്തിൽ, തബൂക്ക് മേഖലയിൽനിന്നുള്ള പുരാതന അറബി ലിഖിതങ്ങൾ ആലേഖനം ചെയ്ത ശിലാഫലകം ഫ്രാൻസിൽനിന്ന് തിരിച്ചെത്തിച്ചു. ഏകദേശം 40 വർഷമായി ഒരു ഫ്രഞ്ച് പൗരന്റെ കൈവശമായിരുന്ന ഫലകം സൗദി അധികൃതരുടെയും യുനെസ്‌കോയുടെയും ഏകോപനത്തിലൂടെയാണ് തിരികെ കൊണ്ടുവന്നത്.

രാജ്യത്തിനകത്തും പുരാവസ്തുക്കൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ശക്തമായി തുടരുകയാണ്. പൗരന്മാർ സ്വമേധയാ കൈമാറുന്ന പുരാവസ്തുക്കൾ സ്വീകരിക്കുന്നതിനൊപ്പം നിയമവിരുദ്ധമായി വിൽപ്പനയ്ക്ക് വെച്ചവ പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.

ഹായിലിൽ, ഇസ്ലാമിക കാലഘട്ടത്തിൽ നിന്നുള്ള വെങ്കലപാത്രം ഒരു പൗരൻ അധികൃതർക്ക് കൈമാറി. പുഷ്പാലങ്കാരങ്ങളും ഖുർആൻ വചനങ്ങളും ആലേഖനം ചെയ്തതാണ് ഈ പാത്രം.

ബീഷയിൽ, മറ്റൊരു പൗരൻ ആറ് പുരാവസ്തുക്കൾ തിരികെ കൈമാറി. ഇവയിൽ ചിലത് ഇസ്ലാമിന് മുമ്പുള്ള കാലഘട്ടത്തിൽ നിന്നുള്ളവയാണ്. സൂറത്തുൽ ഫലഖിലെ വചനങ്ങൾ കൊത്തിവെച്ച ശിലയും ഇതിൽ ഉൾപ്പെടുന്നു.

അതേസമയം, അൽഅഹ്‌സയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ നിയമവിരുദ്ധമായി വിൽപ്പനയ്ക്ക് വെച്ച അപൂർവ പുരാവസ്തു 2025-ൽ ഹെറിറ്റേജ് കമ്മീഷൻ പിടിച്ചെടുത്തു. ആദ്യകാല ഇസ്ലാമിക കാലഘട്ടത്തിൽ നിന്നുള്ളതായിരുന്നു ഈ പുരാവസ്തു.