സൗദിയിൽ ഡ്രൈവറില്ലാ വാഹന യുഗത്തിലേക്ക് വൻ ചുവടുവെപ്പ്; ഹ്യൂമെയ്‌നും എൻവിഡിയയും സഹകരിക്കും

റിയാദ്: സൗദി അറേബ്യയിൽ ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യയുടെ വികസനത്തിന് പുതിയ കരുത്തേകി പൊതുനിക്ഷേപ നിധിയുടെ (പിഐഎഫ് ) ഉടമസ്ഥതയിലുള്ള എഐ കമ്പനിയായ ഹ്യൂമെയ്‌നും ആഗോള സാങ്കേതിക രംഗത്തെ പ്രമുഖ സ്ഥാപനമായ എൻവിഡിയയും തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണത്തിന്റെ ഭാഗമായി എൻവിഡിയയുടെ അത്യാധുനിക സ്വയം നിയന്ത്രിത വാഹനങ്ങൾക്കായുള്ള സമഗ്ര പ്ലാറ്റ്‌ഫോം 'ഡ്രൈവ് ഹൈപീരിയൺ' ഉപയോഗപ്പെടുത്തി സൗദിയിൽ സ്വയം നിയന്ത്രിത വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ എഐ അടിസ്ഥാനസൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും വികസിപ്പിക്കും.
മനുഷ്യന്റെ ഇടപെടൽ വളരെ കുറവോ ഇല്ലാതെയോ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന ലെവൽ 4 സ്വയം നിയന്ത്രിത വാഹന സാങ്കേതികവിദ്യ രാജ്യത്ത് വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ സൗദിയുടെ വിവിധ നഗരങ്ങളിൽ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗത സംവിധാനം രൂപപ്പെടുമെന്ന് കമ്പനി അറിയിച്ചു. സ്വയം നിയന്ത്രിത വാഹനങ്ങളുടെ പ്രവർത്തനം കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമാക്കാൻ ആവശ്യമായ അത്യാധുനിക കമ്പ്യൂട്ടിംഗ് സംവിധാനങ്ങളും എഐ സാങ്കേതികവിദ്യകളും ഈ പദ്ധതിയിൽ പ്രയോജനപ്പെടുത്തും.
ഡിജിറ്റൽ സാങ്കേതികവിദ്യയും യഥാർഥ ജീവിത സൗകര്യങ്ങളും കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കുന്ന പുതിയ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ഗതാഗത രംഗത്ത് സൗദിയെ ലോകത്തിലെ മുൻനിര സ്മാർട്ട് രാജ്യങ്ങളിലൊന്നാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് ഈ സഹകരണം കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.