മഴക്കുവേണ്ടിയുള്ള പ്രാർത്ഥന നടത്താൻ സൽമാൻ രാജാവിന്റെ നിർദ്ദേശം

#ജാഫറലി പാലക്കോട്
സൗദി ഭരണാധികാരി സൽമാൻ രാജാവ് | ഫോട്ടോ: AFP
സൗദി ഭരണാധികാരി സൽമാൻ രാജാവ് | ഫോട്ടോ: AFP

റിയാദ്: മഴക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന നടത്താൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർദ്ദേശിച്ചു. സൗദിയുടെ ചില ഭാഗങ്ങളിൽ മഴയുണ്ടെങ്കിലും തീരെ മഴ ലഭിക്കാത്ത സ്ഥലങ്ങളുമുണ്ട്. ഇവിടങ്ങളിൽ മഴ ലഭിക്കാത്തത് ജനങ്ങളെയും കൃഷിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അടുത്ത വ്യാഴാഴ്ച മഴക്കുവേണ്ടി സൗദി അറേബ്യയിലുടനീളം പ്രത്യേക നമസ്കാരം നടത്താൻ സൽമാൻ രാജാവ് നിർദ്ദേശിച്ചതായി രാജകീയ കോർട്ട്‌ അറിയിച്ചു.

പ്രവാചകൻ മുഹമ്മദ് നബിയുടെ കാലം മുതൽ മഴ പെയ്യാൻ താമസം നേരിടുമ്പോൾ ഇസ്തിസ്ഗ എന്ന  പ്രാർത്ഥന നടത്തുന്നത് പതിവാണ്. ഇത് പിന്തുടർന്നാണ് രാജാവിന്റെ അഭ്യർത്ഥന. പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യ അനുസരിച്ചു  മഴക്കുവേണ്ടിയുള്ള നമസ്‌കാരം നിർവഹിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ നിർദ്ദേശിച്ചുവെന്നു പ്രസ്താവനയിൽ നിർദേശിച്ചു. അടുത്ത വ്യാഴാഴ്ചയാണ് പ്രാർത്ഥന നിർവഹിക്കേണ്ടതെന്നും പ്രസ്താവനയിലുണ്ട്.

സൗദിയിലുടനീളമുള്ള പള്ളികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലൊക്കെ പ്രാർത്ഥന നടക്കും. പ്രഭാത പ്രാർത്ഥനയോടനുബന്ധിച്ചാണ് മഴക്ക് വേണ്ടിയുള്ള പ്രതേക പ്രാർത്ഥന നടക്കുക.

Content Highlights: King Salman of Saudi Arabia has ordered special prayers for rain next Thursday across the kingdom