ജിസാനിലും നജ്റാനിലും അപകട മുന്നറിയിപ്പ് പിൻവലിച്ചു

representative image
representative image

റിയാദ്: സൗദി അറേബ്യയിലെ ജിസാൻ, നജ്റാൻ മേഖലകളിൽ നിലനിന്നിരുന്ന അപകടസാഹചര്യം അവസാനിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. തിങ്കളാഴ്ചയാണ് സിവിൽ ഡിഫൻസ് അറിയിപ്പ് പുറത്തിറക്കിയത്. അപകടസാഹചര്യം അവസാനിച്ചെങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിനായി ഔദ്യോഗിക നിർദേശങ്ങൾ തുടർന്നും കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.നജ്റാൻ, ജിസാൻ മേഖലകളിൽ അപകടസാധ്യതയുണ്ടാകാമെന്ന മുന്നറിയിപ്പ് ദേശീയ പ്രാരംഭ മുന്നറിയിപ്പ് പ്ലാറ്റ്ഫോം വഴി നേരത്തെ സിവിൽ ഡിഫൻസ് നൽകിയിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പിൽ ആവശ്യപ്പെട്ടിരുന്നു.

മുന്നറിയിപ്പ് നിലനിന്ന സമയത്ത് തുറസ്സായ സ്ഥലങ്ങളിലും ഗ്ലാസ് ജനലുകൾക്ക് സമീപവും നിൽക്കുന്നത് ഒഴിവാക്കണമെന്നും ബാൽക്കണികളിലും കെട്ടിടങ്ങളുടെ മുകളിലും നിൽക്കരുതെന്നും പൗരന്മാരോടും പ്രവാസികളോടും സിവിൽ ഡിഫൻസ് നിർദേശിച്ചു.പുറത്തുള്ളവർ ഏറ്റവും അടുത്തുള്ള കെട്ടിടത്തിലേക്ക് പ്രവേശിക്കുകയോ ഉറപ്പുള്ള മറവിന് പിന്നിൽ സുരക്ഷിതമായി അഭയം തേടുകയോ വേണം. ആളുകൾ കൂട്ടം കൂടുന്നതും സംഭവങ്ങൾ ചിത്രീകരിക്കുന്നതും ഒഴിവാക്കണം. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് സ്ഥിതിഗതികൾ പൂർണമായി ശമിക്കുന്നതുവരെ അകന്നുനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.അതേസമയം, സ്ഥിരീകരിക്കാത്ത വിവരങ്ങളും ഉറവിടമറിയാത്ത വീഡിയോകളും പ്രചരിപ്പിക്കരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Content Highlights: Civil Defence officially lifted the danger warning in Jizan and Najran., Residents are still advised to strictly follow safety instructions., Authorities urged the public to avoid spreading unverified information and rumors.