സൗദിയിലെ തായിഫിൽ ഹൂതി ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

#ജാഫറലി പാലക്കോട്
ഹൂത്തി ആക്രമണത്തിന്റെ ദൃശ്യം.
ഹൂത്തി ആക്രമണത്തിന്റെ ദൃശ്യം.

റിയാദ്: സൗദി അറേബ്യയിലെ തായിഫിൽ ഹൂതി വിമതർ വിക്ഷേപിച്ച ഡ്രോൺ തടഞ്ഞ് നശിപ്പിച്ചതിന് പിന്നാലെ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.

തായിഫ് ഗവർണറേറ്റിലാണ് സംഭവം. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ഒരു യെമൻ സ്വദേശിയായ പ്രവാസിയാണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരു സൗദി പൗരനും ഒരു പാകിസ്താൻ സ്വദേശിയായ പ്രവാസിയും ഉൾപ്പെടുന്നു. പാകിസ്താൻ സ്വദേശിയുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.

അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സംഭവത്തിന് പിന്നാലെ പതിവ് സുരക്ഷാനടപടികൾ പൂർത്തിയാക്കിയതായും സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി.