അൽ-അഹ്‌സയിലെ വാഹനാപകടം; ഒരേ കുടുംബത്തിലെ ഏഴ് പേരടക്കം 9 പേർ മരിച്ചു

#ജാഫറലി പാലക്കോട്

അൽ-അഹ്‌സ: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ അൽ-അഹ്‌സ ഗവർണറേറ്റിൽ അൽ-ഉഖൈർ–അൽ-ഉയൂൻ റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ഏഴ് പേരടക്കം ഒമ്പത് പേർ മരിച്ചു. ആദ്യ വാഹനത്തിൽ യാത്ര ചെയ്തിരുന്ന അച്ഛൻ, അമ്മ, മൂന്ന് ആൺമക്കൾ, രണ്ട് പെൺമക്കൾ എന്നിവരാണ് മരിച്ച ഏഴ് കുടുംബാംഗങ്ങൾ. രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന രണ്ട് യുവാക്കളും അപകടത്തിൽ മരിച്ചു. 

അശ്രദ്ധമായോ അപ്രതീക്ഷിതമായോ വാഹനം പെട്ടെന്ന് ദിശമാറിയതാണ് അപകടത്തിന് കാരണമെന്നാണ് കിഴക്കൻ പ്രവിശ്യാ ട്രാഫിക് വിഭാഗം അറിയിച്ചത്. അപകടവിവരം ലഭിച്ച ഉടൻ ട്രാഫിക് സംഘം സ്ഥലത്തെത്തി. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

അപകടത്തിൽ തകർന്ന വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കുന്നതിനായി സിവിൽ ഡിഫൻസ്, സൗദി റെഡ് ക്രസന്റ് എന്നിവയുടെ പ്രത്യേക രക്ഷാപ്രവർത്തക സംഘങ്ങൾ സ്ഥലത്തെത്തി. എന്നാൽ അപകടത്തിൽപ്പെട്ട ഒമ്പത് പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

കിഴക്കൻ പ്രവിശ്യയിലെ പ്രധാന ഗതാഗതപാതകളിലൊന്നായ അൽ-ഉഖൈർ–അൽ-ഉയൂൻ റോഡ് അൽ-അഹ്സ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളെ തീരദേശ മേഖലകളുമായി ബന്ധിപ്പിക്കുന്ന റോഡാണ്.

Content Highlights: A tragic road accident occurred on the Al-Uqair–Al-Uyoun road in Al-Ahsa governorate, Saudi Arabia., Nine people lost their lives, including seven members of a single family (parents and five children)., Two young men in the second vehicle were also killed in the crash., Traffic authorities cited sudden lane deviation or carelessness as the cause of the accident.