ആഗോള തലത്തില്‍ ഭക്ഷ്യമാലിന്യത്തിന്റെ 50 ശതമാനവും സൗദിയിലെന്ന് ഐക്യരാഷ്ട്രസഭ

#ജാഫറലി പാലക്കോട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജിദ്ദ: ലോകമെമ്പാടും പ്രതിവര്‍ഷം ഏകദേശം 1.3 ബില്യണ്‍ ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടിയുടെ വക്താവ്‌ ഷെഫ് ലൈല ഫത്തല്ല. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നതില്‍ 50 ശതമാനവുമായി ആഗോളതലത്തില്‍ സൗദി അറേബ്യയാണ് ഒന്നാമതെന്നും യുണൈറ്റഡ് നേഷന്‍സ് ഫുഡ് വേസ്റ്റ് പ്രോഗ്രാമിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഭക്ഷ്യവസ്തുക്കള്‍ പാഴാക്കലിന്റെ ഗുരുതരമായ ചെലവ് സൗദി അറേബ്യക്ക് പ്രതിവര്‍ഷം 40 ബില്യണ്‍ റിയാല്‍ നഷ്ടമുണ്ടാക്കുന്നതായി കണ്ടെത്തിയതായി സൗദി പരിസ്ഥിതി ജല കൃഷി മന്ത്രി അബ്ദുള്‍ റഹ്മാന്‍ ബിന്‍ അബ്ദുല്‍ മുഹ്സിന്‍ അല്‍ ഫദ്ലി പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്ന നിരക്ക് മുപ്പത്തിമൂന്നു ശതമാനത്തിലധികമാണെന്നും ഈ പ്രശ്നം പരിഹരിക്കാന്‍ ഉടനടി യോജിച്ച ശ്രമങ്ങളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സാഗോ എന്ന പേരിലറിയപ്പെടുന്ന സൗദി ഗ്രെയിന്‍സ് ഓര്‍ഗനൈസേഷന്‍ ഉപഭോക്തൃ ചെലവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പഠനം, രാജ്യത്ത് ഭക്ഷ്യ വസ്തുക്കള്‍ പാഴാക്കുന്നതിന്റെ സാമ്പത്തിക ആഘാതം പ്രതിവര്‍ഷം 40.4 ബില്യണ്‍ റിയാലാണെന്നും എടുത്തുപറഞ്ഞിരുന്നു. ഓരോ വര്‍ഷവും 4.06 ദശലക്ഷം ടണ്‍ ഭക്ഷ്യവസ്തുക്കള്‍ അല്ലെങ്കില്‍ 33.1 ശതമാനം ടാര്‍ഗെറ്റുചെയ്ത ചരക്കുകള്‍ പാഴാക്കപ്പെടുന്നുവെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. ഓരോ വ്യക്തികളും പ്രതിവര്‍ഷം ശരാശരി 184 കിലോ ഭക്ഷ്യവസ്തുക്കളാണ് പാഴാക്കുന്നത്.
 

Content Highlights: Saudi Arabia accounts for 50% of global food waste, United Nations data shows