റിയാദ് വിമാനത്താവളത്തിൽ ഇനി അനൗൺസ്‌മെന്റുകളില്ല; ആദ്യഘട്ടം പ്രാബല്യത്തിൽ

റിയാദ്: വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ ശാന്തവും സമാധാനപരവുമായ യാത്രാനുഭവം നൽകുന്നതിനായി റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 'സൈലന്റ് എയർപോർട്ട്' (ശബ്ദരഹിത വിമാനത്താവളം) പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടം അന്താരാഷ്ട്ര ടെർമിനൽ അഞ്ചിലാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
വിമാനത്താവളത്തിനുള്ളിലെ ബഹളം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇനി മുതൽ ഉച്ചഭാഷിണിയിലൂടെയുള്ള പൊതു അനൗൺസ്മെന്റുകൾ ഉണ്ടാകില്ല. വിമാനങ്ങളുടെ സമയവും മറ്റു പ്രധാനവിവരങ്ങളും ബോർഡിങ് ഗേറ്റുകൾക്ക് സമീപം മാത്രമായി ചുരുക്കും. ഇതിന് പകരമായി യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങളെല്ലാം വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ സ്ക്രീനുകളിലൂടെയും മൊബൈൽ ആപ്പുകൾ വഴിയുമാണ് ലഭ്യമാക്കുക.
വിമാനത്താവളത്തിന്റെ 920020090 എന്ന വാട്‌സാപ്പ് നമ്പറിലൂടെയും ഔദ്യോഗിക വെബ്സൈറ്റ് വഴിയിലും ഡിസ്‌പ്ലേ ബോർഡുകളിലൂടെയും 'എന്നോട് ചോദിക്കൂ' ടീം വഴിയും യാത്രക്കാർക്ക് തങ്ങളുടെ വിമാന സർവീസുകളിലെ പുതിയ വിവരങ്ങൾ അറിയാൻ സാധിക്കും. പദ്ധതിയുടെ തുടർന്നുള്ള ഘട്ടങ്ങൾ തക്കസമയത്ത് പ്രഖ്യാപിക്കുന്നതായിരിക്കും എന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Riyadh's King Khalid International Airport has launched a 'Silent Airport' initiative in Terminal 5, eliminating public announcements to provide passengers with a quieter travel experience powered by digital screens and mobile updates.