പ്രവാസികളെ ലക്ഷ്യമിട്ട് വ്യാജ അറ്റസ്റ്റേഷൻ തട്ടിപ്പ്; ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി

റിയാദ്: റിയാദിലെ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ അറ്റസ്റ്റേഷൻ രേഖകൾ നൽകിയുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. രേഖകളുടെ സാക്ഷ്യപ്പെടുത്തലിനായി അംഗീകൃത കേന്ദ്രങ്ങളെ മാത്രമേ സമീപിക്കാവൂ എന്നും അനധികൃത ഏജന്റുമാരുടെയും ഇടനിലക്കാരുടെയും വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും എംബസി നിർദേശിച്ചു.
ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജമായി സാക്ഷ്യപ്പെടുത്തിയ രേഖകൾ നൽകുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഇത്തരം രേഖകൾ ഉപയോഗിക്കുന്നത് നിയമപരവും ഭരണപരവുമായ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ പ്രവാസികൾ പ്രത്യേക ജാഗ്രത പുലർത്തണം.
എംബസിയിലെ കോൺസുലാർ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അംഗീകൃത സംവിധാനങ്ങളിലൂടെ മാത്രമാണ് ഔദ്യോഗിക അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാകുന്നത്. എംബസിയുടെ ഔദ്യോഗിക സേവനദാതാവായ വി.എഫ്.എസ് ഗ്ലോബൽ നടത്തുന്ന ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC), എംബസി നേരിട്ട് സംഘടിപ്പിക്കുന്ന കോൺസുലാർ ക്യാമ്പുകൾ എന്നിവ വഴിയാണ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

അറ്റസ്റ്റേഷൻ സേവനങ്ങൾ ആവശ്യമുള്ളവർ വി.എഫ്.എസ് ഗ്ലോബലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കണം. സേവനങ്ങളുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ റിയാദിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്.

അംഗീകാരമില്ലാത്ത ഏജൻസികൾക്കോ വ്യക്തികൾക്കോ രേഖകളും പണവും കൈമാറുന്നത് ഒഴിവാക്കണം. അറ്റസ്റ്റേഷൻ നടപടികളുടെ ആധികാരികത ഉറപ്പുവരുത്തുകയും ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കുകയും ചെയ്യണമെന്ന് ഇന്ത്യൻ എംബസി പ്രവാസികളോട് അഭ്യർഥിച്ചു.