മക്കയിലെ ഖുർആൻ മ്യൂസിയത്തിലെ പ്രധാന ആകർഷണമായി 1843-ലെ അപൂർവ ഖുർആൻ

മക്ക: മക്കയിലെ ഹിറാ കൾച്ചറൽ ഡിസ്ട്രിക്ടിലുള്ള ഖുർആൻ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിശുദ്ധ ഖുർആന്റെ ശേഖരങ്ങളിൽ 1843-ൽ (ഹിജ്‌റ 1259) എഴുതപ്പെട്ട ഒരു അപൂർവ ഖുർആൻ (മുസ്ഹഫ്) സന്ദർശകരുടെ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ് ഇസ്ലാം മത വിശ്വാസികൾ വിശുദ്ധ ഖുർആനോടു പുലർത്തിയിരുന്ന ആദരവും പരിചരണവും വ്യക്തമാക്കുന്ന ചരിത്രസാക്ഷ്യമാണ് ഈ അമൂല്യ പൈതൃകസമ്പത്ത്. വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തിയ നിരവധി ഹാജിമാർ ഇതിനകം ഇവിടെ സന്ദർശിക്കാൻ സമയം കണ്ടെത്തിയിട്ടുണ്ട്.
കറുത്ത മഷിയിൽ അതീവ കൃത്യതയോടെ എഴുതപ്പെട്ട ഈ ഖുർആന്റെ ഓരോ പേജും സ്വർണാഭമായ അലങ്കാരങ്ങളാൽ മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു. ആയത്തുകൾക്കിടയിലെ സ്വർണ നിറത്തിലുള്ള വിഭജനങ്ങളും സൂക്ഷ്മമായ അലങ്കാരങ്ങളും അന്നത്തെ ഖുർആൻ ലിഖിത-അലങ്കാര കലയുടെ ഉയർന്ന നിലവാരം വ്യക്തമാക്കുന്നതാണ്. ഖുർആൻ പാരായണം, മനഃപാഠം, പുനരവലോകനം എന്നിവ എളുപ്പമാക്കുന്നതിനായി ജുസ്അ്, ഹിസ്ബ് തുടങ്ങിയ ചിഹ്നങ്ങളും മുസ്ഹഫിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥത്തിന്റെ സൗന്ദര്യവും പ്രായോഗിക ഉപയോഗവും ഒരുപോലെ സംരക്ഷിക്കാൻ അന്നത്തെ പണ്ഡിതന്മാരും ഖുർആൻ എഴുത്തുകാരും നൽകിയ പ്രാധാന്യത്തിന്റെ തെളിവാണ് ഇത്.
ഖുർആൻ മ്യൂസിയം സന്ദർശിക്കുന്ന തീർഥാടകർക്ക് വിവിധ കാലഘട്ടങ്ങളിലെ ചരിത്രപ്രാധാന്യമുള്ള മുസ്ഹഫുകളും അപൂർവ കൈയെഴുത്തുപ്രതികളും കാണാനാകും. ഖുർആൻ എഴുതിയതും പകർത്തിയതും അലങ്കരിച്ചതുമായ ചരിത്രപരമായ ഘട്ടങ്ങളെക്കുറിച്ചും ഇവിടെ വിശദമായി മനസ്സിലാക്കാം. ആധുനിക പ്രദർശന സംവിധാനങ്ങളും പഠനാനുഭവങ്ങളും ഒരുക്കിയിരിക്കുന്ന ഈ മ്യൂസിയം, വിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട ഇസ്ലാമിക പൈതൃകത്തെ പരിചയപ്പെടുത്തുന്ന പ്രമുഖ സാംസ്‌കാരിക കേന്ദ്രമായി മാറിയിരിക്കുകയാണ്.
മലയാളികളടക്കം നിരവധിപേരാണ് ദിനേന മ്യൂസിയം സന്ദർശിക്കാനെത്തുന്നത്. ഹജ്ജ് കർമ്മത്തിനെത്തിയ സന്ദർശകർക്ക് നിരവധി ഓർമ്മകൾക്കൊപ്പം സൂക്ഷിക്കാവുന്ന അപൂർവ്വ അനുഭവമാണ് മ്യൂസിയം സന്ദർശനം.