റാണിയ വാഹനാപകടത്തിൽ മരിച്ച നേഴ്‌സുമാരുടെ മൃതദേഹം നാട്ടിലേക്ക്

തായിഫ്: സൗദി അറേബ്യയിലെ തായിഫിൽ നിന്ന് 350 കിലോമീറ്റർ അകലെ റാണിയായിൽ വാഹനാപകടത്തിൽ മരണപ്പെട്ട 4 മലയാളി നേഴ്‌സുമാരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജോബിനാ ജോണിയുടെയും തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിനി വിജയലക്ഷ്മിയുടെയും മൃതദേഹങ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോകുന്നത്.

അപകടത്തിൽ മരിച്ച മറ്റു രണ്ടുപേരായ കോട്ടയം കിടങ്ങൂർ സ്വദേശിനി ജയ്‌സിമോളുടെയും തമിഴ്‌നാട് തൃച്ചി സ്വദേശിനി ഹെപ്‌സിബ ദേവമണിയുടെയും മൃതദേഹങ്ങൾ ചൊവ്വാഴ്ചയാണ് നാട്ടിലേക്ക് കൊണ്ടുപോവുക.

നാലുപേരുടെയും മൃതദേഹങ്ങൾ റാണിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അവിടെ നിന്നും കഴിഞ്ഞ ബുധനാഴ്ചയാണ് എംബാമിംഗ് ചെയ്യാനായി ജിദ്ദയിൽ എത്തിച്ചത്. എയർ ഇന്ത്യയും ഇൻഡിഗോയും സൗദിയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്നാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയിട്ടും കൊണ്ടുപോകാൻ വൈകിയത്. ജിദ്ദ നവോദയയാണ് നടപടികൾ പൂർത്തിയാക്കിയത്.

മരുഭൂമിയിലെ ചെറുപട്ടണമായ റാണിയായിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതിരുന്നതിനാൽ നവോദയ ഏറ്റെടുത്തതിനെ തുടർന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവും നവോദയ ജീവകാരുണ്യ കമ്മിറ്റി ജോയിന്റ് കൺവീനറുമായ പന്തളം ഷാജി, മോബിൻ തോമസ് എന്നിവരുടെ പേരിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള വക്കാലത്ത് കുടുംബം നൽകുകയായിരുന്നു.

Content Highlights: Four Malayali nurses died in a road accident in Rania, near Taif, Saudi Arabia., Bodies of Jobina Johny and Vijayalakshmi are being repatriated on Monday., Bodies of Jaisimol and Hepsiba Devamani will be repatriated on Tuesday., Repatriation was delayed due to flight cancellations by Air India and IndiGo., Jeddah Navodaya and the Indian Consulate facilitated the legal procedures.