ആത്മവിചാരണയും വിശ്വാസവും സൽപ്രവൃത്തികളും വഴി പരലോകത്തിനായി തയ്യാറെടുക്കണം: പ്രവാചക പള്ളി ഇമാം

#ജാഫറലി പാലക്കോട്

മദീന: മരണാനന്തര ജീവിതത്തെയും അന്ത്യനാളിലെ വിചാരണയെയും കുറിച്ച് വിശ്വാസികൾ ബോധവാന്മാരായിരിക്കണമെന്നും വിശ്വാസവും സൽപ്രവൃത്തികളും വഴി പരലോകത്തിനായി തയ്യാറെടുക്കണമെന്നും പ്രവാചക പള്ളിയിലെ ഇമാമും ഖതീബുമായ ഡോ. അൽ ഖാസിം ആഹ്വാനം ചെയ്തു.

മരണസമയത്ത് വിശ്വാസികൾക്കും ബഹുദൈവാരാധകർക്കും ലഭിക്കുന്ന വ്യത്യസ്ത അനുഭവങ്ങൾ അദ്ദേഹം വിശദീകരിച്ചു. വിശ്വാസികളുടെ അടുത്തേക്ക് മലക്കുകൾ ഇറങ്ങിവന്ന് ഭയപ്പെടേണ്ടതില്ലെന്നും ദുഃഖിക്കേണ്ടതില്ലെന്നും ആശ്വസിപ്പിക്കുകയും അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വർഗത്തെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും ചെയ്യും. എന്നാൽ ബഹുദൈവാരാധകരെ മലക്കുകൾ ശാസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് തെളിവായി വിശുദ്ധ ഖുർആനിലെ വചനങ്ങളും അദ്ദേഹം ഉദ്ധരിച്ചു.

ആത്മാവ് ശരീരത്തിൽനിന്ന് വേർപെട്ട് ഉയർത്തപ്പെടുമ്പോൾ വിശ്വാസിയുടെ ആത്മാവിനെ മലക്കുകൾ സന്തോഷത്തോടെ സ്വീകരിക്കുകയും നല്ല ആത്മാവെന്ന് വിശേഷിപ്പിക്കുകയും ചെയ്യും. എന്നാൽ അവിശ്വാസിയുടെ ആത്മാവിനെ തിന്മ നിറഞ്ഞ ആത്മാവായാണ് വിശേഷിപ്പിക്കുക. തുടർന്ന് ആത്മാവ് ഖബറിൽ ശരീരത്തിലേക്ക് തിരിച്ചെത്തിക്കപ്പെടുകയും രണ്ട് മലക്കുകൾ വന്ന് വ്യക്തിയോട് മൂന്ന് കാര്യങ്ങൾ ചോദിക്കുകയും ചെയ്യും. നിന്റെ രക്ഷിതാവ് ആരാണ്, നിന്റെ മതം ഏതാണ്, നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഈ പ്രവാചകൻ ആരാണ് എന്നിങ്ങനെയാണ് ചോദ്യങ്ങളെന്ന് പ്രവാചകന്റെ ഹദീസ് ഉദ്ധരിച്ച് അദ്ദേഹം വിശദീകരിച്ചു.

അന്ത്യനാളിൽ പ്രവാചകന്മാരോട് അവർക്ക് ഏൽപ്പിക്കപ്പെട്ട ദൗത്യം നിർവഹിച്ചിട്ടുണ്ടോയെന്നും ജനതകളോട് അവരുടെ പ്രവാചകന്മാർ നൽകിയ സന്ദേശങ്ങളോട് എങ്ങനെ പ്രതികരിച്ചുവെന്നും ചോദിക്കപ്പെടും. നൂഹ് നബിയെ അന്ത്യനാളിൽ വിളിക്കുകയും ദൈവിക സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടോയെന്ന് ചോദിക്കുകയും ചെയ്യുമെന്ന ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസും അദ്ദേഹം ഉദ്ധരിച്ചു.

ആരാധനയ്ക്ക് അർഹൻ അല്ലാഹു മാത്രമാണെന്നും ഓരോ മനുഷ്യനും തന്റെ വിശ്വാസങ്ങൾക്കും പ്രവർത്തികൾക്കും ഉത്തരവാദിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അല്ലാഹുവിന് പുറമെ മറ്റുള്ളവരെ ആരാധിക്കുന്നവരോടും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ നിഷേധിക്കുകയും പുനരുത്ഥാനത്തെ തള്ളിപ്പറയുകയും ചെയ്യുന്നവരോടും ഇതേക്കുറിച്ച് ചോദ്യം ചെയ്യപ്പെടും. ജനങ്ങളെ വഴികേടിലേക്ക് നയിക്കുകയും അനുയായികളുടെ പാപഭാരം താൻ ഏറ്റെടുക്കുമെന്ന് അവകാശപ്പെടുകയും ചെയ്യുന്നവരും വിചാരണ നേരിടേണ്ടിവരുമെന്ന് വിശുദ്ധ ഖുർആൻ വചനം ഉദ്ധരിച്ച് പ്രവാചക പള്ളി ഇമാം ഓർമിപ്പിച്ചു.

കരാറുകൾ, ഉടമ്പടികൾ, മനുഷ്യരുടെ അവകാശങ്ങൾ, അല്ലാഹു ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാം അന്ത്യനാളിലെ വിചാരണയുടെ ഭാഗമായിരിക്കുമെന്ന് ഡോ. അൽ ഖാസിം പറഞ്ഞു. നിങ്ങളിൽ ഓരോരുത്തരും ഉത്തരവാദിത്തമുള്ളവരാണെന്നും ഓരോരുത്തരും തങ്ങളുടെ കീഴിലുള്ളവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്നും പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്. കുടുംബം, ബന്ധുക്കൾ, സംരക്ഷണച്ചുമതലയിലുള്ളവർ എന്നിവരോടുള്ള കടമകൾ കൃത്യമായി നിർവഹിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.

മനുഷ്യന് അല്ലാഹു നൽകിയ ചെറുതും വലുതുമായ എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും ചോദ്യം ചെയ്യപ്പെടും. ആയുസ്സ് എങ്ങനെ ചെലവഴിച്ചു, നേടിയ അറിവ് അനുസരിച്ച് എന്ത് പ്രവർത്തിച്ചു, സമ്പത്ത് എവിടെനിന്ന് സമ്പാദിച്ചു, എങ്ങനെ ചെലവഴിച്ചു, ശരീരം എന്തിനുവേണ്ടി ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളിൽ അന്ത്യനാളിൽ കണക്കുചോദിക്കപ്പെടുമെന്ന് പ്രവാചകന്റെ ഹദീസ് ഉദ്ധരിച്ച് പ്രവാചക പള്ളി ഇമാം വ്യക്തമാക്കി.

വിശുദ്ധ ഖുർആനിനോടുള്ള മനുഷ്യന്റെ ബാധ്യതകളും വിചാരണയുടെ ഭാഗമാണ്. ഖുർആൻ പാരായണം ചെയ്യുക, അതിന്റെ അർഥവും സന്ദേശവും ചിന്തിച്ച് മനസ്സിലാക്കുക, അതിലെ നിർദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നിവയുടെ കാര്യത്തിലും ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സൃഷ്ടികളെയെല്ലാം ഉൾക്കൊള്ളുന്നതാണ് അന്ത്യനാളിലെ വിചാരണ. വിശ്വാസി അല്ലാഹുവിന്റെ മുമ്പിൽ തന്റെ പാപങ്ങൾ ഏറ്റുപറയുമ്പോൾ അല്ലാഹു അവ മറച്ചുവെക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യും. സ്വർഗവാസികൾക്ക് അല്ലാഹുവിന്റെ പ്രീതിയും അവന്റെ തിരുമുഖം ദർശിക്കാനുള്ള അനുഗ്രഹവും ലഭിക്കും. ഇതാണ് സ്വർഗവാസികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹമെന്നും അദ്ദേഹം വിശദീകരിച്ചു.

വിചാരണയ്ക്ക് വിധേയരാകുന്നതിന് മുമ്പ് സ്വയം വിചാരണ ചെയ്യാനും ആത്മപരിശോധന നടത്താനും വിശ്വാസവും ഏകദൈവവിശ്വാസവും സൽപ്രവൃത്തികളും കൊണ്ട് അന്ത്യനാളിനായി തയ്യാറെടുക്കാനും മുസ്‌ലിംകളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഇഹലോകം പ്രവർത്തിക്കാനുള്ള ഇടമാണെന്നും ഇവിടെ വിചാരണയില്ലെന്നും പരലോകം വിചാരണയ്ക്കുള്ള ഇടമാണെന്നും അവിടെ പ്രവർത്തനങ്ങൾക്ക് അവസരമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

യഥാർഥ അറിവും വിശ്വാസവും ഏകദൈവവിശ്വാസത്തിൽ ഉറച്ചുനിൽക്കാനും പ്രവാചകചര്യ പിന്തുടരാനും ചോദ്യങ്ങൾ നേരിടുമ്പോൾ വിശ്വാസത്തിൽ പതറാതിരിക്കാനുമുള്ള കരുത്ത് നൽകുമെന്ന് അദ്ദേഹം പ്രഭാഷണത്തിന്റെ സമാപനത്തിൽ വ്യക്തമാക്കി. അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുക, അതിൽ വിശ്വസിക്കുക, അതിലെ സന്ദേശങ്ങളും നിർദേശങ്ങളും പൂർണമായി അംഗീകരിക്കുക എന്നിവ ഇഹലോകത്തും പരലോകത്തും വിജയവും സൗഭാഗ്യവും നേടാനുള്ള പ്രധാന മാർഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.