ഹൂതി വിമതർ സൗദി പശ്ചിമമേഖലയിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ തകർത്തെന്ന് സഖ്യസേന

#ജാഫറലി പാലക്കോട്
മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി
മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി

ജിദ്ദ: സൗദി അറേബ്യയുടെ പശ്ചിമ മേഖലയെ ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വ്യോമപ്രതിരോധ സേന തടഞ്ഞ് തകർത്തതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന ശനിയാഴ്ച്ച അറിയിച്ചു.സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം അറിയിച്ചത്.

ജിദ്ദ അടക്കമുള്ള സ്ഥലങ്ങളിൽ അധികൃതർ മൊബൈൽ ഫോൺ വഴി ശനിയാഴ്ച രാത്രി ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. നിരവധി പേർ മാർക്കറ്റുകളിലും മറ്റും ഉള്ള സമയത്താണ് സിവിൽ ഡിഫെൻസിന്റെ മുന്നറിയിപ്പ് ലഭിച്ചത്. സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണമെന്നും, ജനൽ വാതിലുകളിൽനിന്നും അകന്നുനിൽക്കണമെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ കുറച്ചുസമയത്തിനുശേഷം അപകടാവസ്ഥ അവസാനിച്ചതായും അധികൃതർ അറിയിച്ചു.

ശനിയാഴ്ചയും റിയാദിനെ ലക്ഷ്യമാക്കി ഹൂതി മിലീഷ്യ വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകളും റിയാദ്, തെക്കൻ മേഖല എന്നിവിടങ്ങളിലേക്ക് അയച്ച രണ്ട് ഡ്രോണുകളും വ്യോമപ്രതിരോധ സേന തകർത്തിരുന്നു.