ജിദ്ദയിലെ ഏറ്റവും പഴയ മാർക്കറ്റിൽ വൻ തീപിടിത്തം; ആളപായത്തെക്കുറിച്ച് റിപ്പോർട്ടില്ല

ജിദ്ദ: 40 വർഷത്തിനടുത്തു പഴക്കമുള്ള ജിദ്ദ ഇൻ്റർനാഷണൽ മാർക്കറ്റ് എന്നറിയപ്പെടുന്ന ജിദ്ദയിലെ മാർക്കറ്റിൽ വൻ തീപിടുത്തം. തീപിടുത്തത്തിൽ മാർക്കറ്റിന്റെ വലിയഭാഗവും കത്തി നശിച്ചു. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് പ്രശസ്ത മാർക്കറ്റിൽ തീപിടിത്തമുണ്ടായതെന്നു സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. അൽ-റൗദ ജില്ലയിലെ മാർക്കറ്റ് ഭാഗികമായി പുകയിൽ മുങ്ങിയതിനാൽ അതിവേഗം പടരുന്ന തീ നിയന്ത്രണവിധേയമാക്കാൻ 20 ലധികം അഗ്നിശമന യൂണിറ്റുകളെയാണ് പണിപ്പെട്ടത്. ഏകദേശം 12 മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. എന്നാൽ ധാരാളം സ്റ്റാളുകളും കടകളും കത്തിനശിച്ചു. സ്ഥാപന ഉടമകൾക്ക് നിസ്സഹായരായി നോക്കിനിൽക്കാനേ ആയുള്ളൂ.
പുലർച്ചെ സംഭവം നടക്കുമ്പോൾ മാർക്കറ്റിൽ ആരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞാണ് പിന്നീട് സ്ഥാപന ഉടമകൾ അടക്കം എത്തിയത്. ഗേറ്റ് നമ്പർ 4 ന് സമീപമുള്ള അലങ്കാരപ്പണികൾ നടക്കുന്ന ഒരു പുതിയ കടയിലാണ് ആദ്യം തീപിടിത്തമുണ്ടായതായി സംശയിക്കുന്നതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തുടർന്ന് മറ്റു സ്ഥാപനങ്ങളിലേക്കും തീ പടരുകയായിരുന്നു. സ്വകാര്യ ബോട്ടിക്കുകൾ, റെസ്റ്റോറൻ്റുകൾ, മാർക്കറ്റ് സ്റ്റാളുകൾ എന്നിവയുള്ള മാർക്കറ്റിലെ നിരവധി കടകളിലേക്ക് തീ പെട്ടെന്ന് പടർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ജിദ്ദ ഇൻ്റർനാഷണൽ മാർക്കറ്റ് എന്നറിയപ്പെടുന്ന മാർക്കറ്റ് 1981-ൽ സ്ഥാപിതമായ, പുറംഭാഗത്ത് അതുല്യമായ ക്ലാസിക്കൽ ഡിസൈനുകൾകൊണ്ട് അലങ്കരിച്ചതാണ്. അകത്ത് ആഡംബര അലങ്കാരങ്ങളും വെള്ളച്ചാട്ടങ്ങളും ജലധാരകളും ചെറിയ തടാകങ്ങളോട് സാമ്യമുള്ളതുമാണ്.
മാർക്കറ്റ് സന്ദർശകർക്ക് സേവനം നൽകുന്ന ഏകദേശം 200 ഷോപ്പുകളും ഇലക്‌ട്രോണിക്‌സ്, ആഭരണങ്ങൾ, വസ്ത്രങ്ങൾ, വാച്ചുകൾ തുടങ്ങിയ ഏറ്റവും പ്രശസ്തമായ പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകളുടെ വ്യാപാരങ്ങൾ പ്രവൃത്തിക്കുന്നുണ്ട്. ഏഷ്യൻ റെസ്റ്റോറൻ്റുകളും ഇതിൽ ഉണ്ട്. അടുത്തിടെ ഇവിടെ ഏതാനും ആഭരണ ശാലകളും പ്രവൃത്തിച്ചു തുടങ്ങിയിരുന്നു.
Content Highlights: massive fire broke out in Jeddahs oldest market