മക്ക ക്ലോക്ക് ടവറിന് ഗിന്നസ് ലോക റെക്കോർഡിന്റെ ഇരട്ട നേട്ടം; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മ്യൂസിയവും ഔട്ട്ഡോർ നിരീക്ഷണ വേദിയും

മക്ക: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കെട്ടിടത്തിനുള്ളിലെ മ്യൂസിയം, ഏറ്റവും ഉയരത്തിലുള്ള ഔട്ട്ഡോർ നിരീക്ഷണ വേദി എന്നീ രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കി മക്കയിലെ പ്രശസ്തമായ ക്ലോക്ക് ടവർ. മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സ് റോയൽ കമ്മീഷനാണ് ഈ നേട്ടം കൈവരിച്ചത്.
മക്ക ക്ലോക്ക് ടവർ സമുച്ചയത്തിൽ സ്ഥിതിചെയ്യുന്ന ക്ലോക്ക് ടവർ മ്യൂസിയം സമുദ്രനിരപ്പിൽനിന്ന് 426.875 മീറ്റർ ഉയരത്തിലാണ്. ഒരു കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മ്യൂസിയം എന്ന റെക്കോർഡാണ് ഇതിലൂടെ സ്വന്തമാക്കിയത്.
അതേസമയം, സമുച്ചയത്തിലെ ഔട്ട്ഡോർ നിരീക്ഷണ വേദി 560.875 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഔട്ട്ഡോർ നിരീക്ഷണ വേദി എന്ന ഗിന്നസ് റെക്കോർഡും ഇതോടെ മക്ക ക്ലോക്ക് ടവറിന് ലഭിച്ചു.
മക്കയുടെ ചരിത്രപരവും ശാസ്ത്രീയവും വാസ്തുവിദ്യാപരവുമായ പൈതൃക സമ്പത്തുകൾ പ്രയോജനപ്പെടുത്തി നഗരത്തിലെ പ്രമുഖ കേന്ദ്രങ്ങളും സൗകര്യങ്ങളും വികസിപ്പിക്കുന്നതിനുള്ള റോയൽ കമ്മീഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
തീർഥാടകർ, സന്ദർശകർ, താമസക്കാർ എന്നിവരുടെ അനുഭവങ്ങൾ കൂടുതൽ സമ്പന്നമാക്കുന്നതിനൊപ്പം പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കുന്ന ആഗോള നഗരമെന്ന നിലയിൽ മക്കയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും ഈ നേട്ടം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.