രാജാവിന്റെ ഉംറ അതിഥികൾ മദീനയിലെ പൈതൃക കേന്ദ്രം സന്ദർശിച്ചു

മദീന: ഇരുഹറമുകളുടെ സംരക്ഷകനായ സൽമാൻ രാജാവിന്റെ ഉംറ, സന്ദർശക അതിഥി പദ്ധതിയുടെ നാലാമത്തെ സംഘത്തിലെ അംഗങ്ങൾ മദീനയിലെ പ്രവാചക ജീവചരിത്ര- ഇസ്ലാമിക നാഗരികതാ അന്താരാഷ്ട്ര പ്രദർശനവും മ്യൂസിയവും സന്ദർശിച്ചു. സാംസ്‌കാരിക പരിപാടികളുടെ ഭാഗമായാണ് സംഘം ഇവിടെയെത്തിയത്.
പ്രവാചകന്മാരുടെ ജീവിതവും മഹത്തായ ഗുണങ്ങളും പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവചരിത്രവും വ്യക്തിത്വവും മക്ക- മദീന നഗരങ്ങളുടെ ചരിത്ര മാതൃകകളും പരിചയപ്പെടുത്തുന്ന വിവിധ പവലിയനുകൾ സംഘം സന്ദർശിച്ചു. ഇസ്ലാമിക പൈതൃകവും സഹിഷ്ണുതയുടെ മൂല്യങ്ങളും വിശദീകരിക്കുന്ന സംവേദനാത്മക പനോരമിക് ദൃശ്യങ്ങൾ, ത്രീഡി സ്‌ക്രീനുകൾ, സിനിമാ ഹാളുകൾ എന്നിവയും പ്രദർശനത്തിലുണ്ടായിരുന്നു.
ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന പദ്ധതിയുടെ നാലാമത്തെ സംഘത്തിൽ 21 രാജ്യങ്ങളിൽ നിന്നുള്ള 250 തീർഥാടകരാണുള്ളത്. ഉസ്ബെക്കിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, മാലദ്വീപ്, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, അസർബൈജാൻ, തുർക്കി, ജോർജിയ, റഷ്യ, ഭൂട്ടാൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, വനുവാട്ടു, സോളമൻ ദ്വീപുകൾ, ഫിജി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്.
മദീനയിലെത്തിയപ്പോൾ ലഭിച്ച സ്വീകരണത്തിലും പരിചരണത്തിലും ഉംറ തീർഥാടകർ സംതൃപ്തി പ്രകടിപ്പിച്ചു. തീർഥാടകർക്ക് നൽകുന്ന പിന്തുണയ്ക്ക് സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അവർ നന്ദി അറിയിച്ചു. വിശുദ്ധ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും തീർഥാടകരുടെ സൗകര്യവും സുരക്ഷയും സംരക്ഷിക്കാനും നടത്തുന്ന പ്രവർത്തനങ്ങളെയും അവർ പ്രശംസിച്ചു.
ഈ വർഷത്തെ പദ്ധതിയുടെ ഭാഗമായി മദീനയിലെത്തിയ അവസാന സംഘമാണിത്. 65 രാജ്യങ്ങളിൽ നിന്നായി ആകെ 1,000 അതിഥികളെയാണ് ഈ വർഷം പദ്ധതിയിലൂടെ സ്വീകരിച്ചത്. മദീനയിൽ ഉംറ നിർവഹിക്കുന്നതിനായി യാത്ര തിരിക്കുന്നതിന് മുമ്പ് വിവിധ ഇസ്ലാമിക- ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങൾ സന്ദർശിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
Content Highlights: King Salman Umrah guests visit international exhibition and museum in Madinah.