നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയത്തിൽ വൻ വർധന; നിലപാടിൽനിന്ന് സർക്കാർ പിന്മാറണം: ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി.

ജിദ്ദ: സാധാരണ പ്രവാസികൾക്ക് ഏറെ ആശ്വാസമായിരുന്ന നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം മൂന്നിരട്ടിയോളം വർധിപ്പിച്ച കേരള സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി. വർധിപ്പിച്ച പ്രീമിയം ഉടൻ പിൻവലിച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കണമെന്നും പ്രവാസികൾക്ക് താങ്ങാവുന്ന രീതിയിൽ പദ്ധതി തുടരണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
നേരത്തേ ഒരു പ്രവാസിക്ക് 8,101 രൂപയ്ക്കും കുടുംബത്തിന് 13,411 രൂപയ്ക്കും ലഭിച്ചിരുന്ന ഇൻഷുറൻസ് പരിരക്ഷയുടെ പ്രീമിയമാണ് ഇപ്പോൾ മൂന്നിരട്ടിയോളം വർധിപ്പിച്ചതെന്നാണ് അറിയുന്നതെന്ന് കെ.എം.സി.സി. ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളിൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികൾക്കുപോലും പ്രയോജനപ്പെടുന്ന പദ്ധതിയായിരുന്നു ഇത്. കാര്യമായ സമ്പാദ്യമില്ലാത്ത പ്രവാസികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ കൈത്താങ്ങാകേണ്ട പദ്ധതിയുടെ പ്രീമിയം ഇത്രയധികം വർധിപ്പിക്കുന്നത് അതിന്റെ പ്രയോജനം സാധാരണക്കാർക്ക് നിഷേധിക്കുന്നതിന് തുല്യമാണെന്നും ഭാരവാഹികൾ പറഞ്ഞു.
വിമാന ടിക്കറ്റ് നികുതികളും മറ്റ് ഇനങ്ങളിലൂടെയും പ്രവാസികളിൽനിന്ന് വൻതുക വരുമാനമായി ലഭിക്കുന്ന സർക്കാർ, പ്രവാസികൾക്ക് ആശ്വാസമാകുന്ന ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തുന്ന നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. പ്രവാസികളുടെ സാമ്പത്തിക സാഹചര്യവും കുടുംബങ്ങളുടെ ആവശ്യങ്ങളും പരിഗണിച്ച് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ജില്ലാ കെ.എം.സി.സി. ആവശ്യപ്പെട്ടു.
ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി. യോഗത്തിൽ പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. സലീം മമ്പാട് യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. സംഘടനയുടെ പ്രതിഷേധവും ആവശ്യങ്ങളും ബന്ധപ്പെട്ട മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ഇ-മെയിൽ വഴി അറിയിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
നാട്ടിൽനിന്ന് മതിയായ സഹായമോ പിന്തുണയോ ലഭിക്കാതെ വിദേശരാജ്യങ്ങളിൽ കഠിനാധ്വാനം ചെയ്ത് കുടുംബം പോറ്റുകയും നാടിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് സംഭാവന നൽകുകയും ചെയ്യുന്നവരാണ് പ്രവാസികൾ. അവരുടെ ക്ഷേമം ഉറപ്പാക്കേണ്ട സർക്കാർ, നിലവിലുള്ള ആനുകൂല്യങ്ങൾ കൂടുതൽ പ്രയോജനകരമാക്കുന്നതിന് പകരം സാമ്പത്തികഭാരം വർധിപ്പിക്കുന്ന നടപടികളിൽനിന്ന് പിന്മാറണം. ജനക്ഷേമത്തിന് മുൻഗണന നൽകുന്ന സർക്കാർ ഈ വിഷയത്തിൽ യുക്തിസഹമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി. അറിയിച്ചു.
ഇല്ല്യാസ് കല്ലിങ്ങൽ, കെ.കെ. മുഹമ്മദ്, അബു കട്ടുപ്പാറ, മുസ്തഫ കോഴിശ്ശേരി, മുഹമ്മദ് യാസിദ് എ.പി., അഷ്റഫ് മുല്ലപ്പള്ളി, നൗഫൽ ഉള്ളാടൻ, സൈതലവി പുളിയകോട്, മജീദ് കള്ളിയിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.