ഇന്ത്യ-സൗദി വിമാന സർവീസ് തടസ്സം; ഉംറ തീർഥാടകർക്ക് പ്രത്യേക നിർദേശവുമായി ഇന്ത്യൻ കോൺസുലേറ്റ്

ജിദ്ദ: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വിമാന സർവീസുകളിൽ തടസ്സങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചു. പ്രത്യേകിച്ച് ജിദ്ദയിലേക്കും മദീനയിലേക്കും യാത്രചെയ്യുന്ന ഉംറ തീർഥാടകർക്കാണ് കോൺസുലേറ്റ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ ഏറ്റവും പുതിയ സ്ഥിതിവിവരങ്ങൾ പരിശോധിക്കുകയും യാത്ര ഉറപ്പുവരുത്തുകയും വേണം. വിമാനങ്ങൾ റദ്ദാക്കൽ, യാത്രാസമയം മാറ്റം, പകരം യാത്രാ സൗകര്യങ്ങൾ, താമസ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച് ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർമാർ, ഉംറ സേവനദാതാക്കൾ എന്നിവരുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും നിർദേശമുണ്ട്.
ദുരിതബാധിതരായ ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനായി കോൺസുലേറ്റ് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായും പ്രാദേശിക അധികൃതരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. വിമാന സർവീസുകൾ, റദ്ദാക്കലുകൾ, യാത്രാ പുനഃക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച് വിമാനക്കമ്പനികളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ കോൺസുലേറ്റിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും ലഭ്യമാകുന്നതനുസരിച്ച് പങ്കുവെക്കും.
വിമാന തടസ്സംമൂലം ബുദ്ധിമുട്ട് നേരിടുന്നവർക്കായി കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
- ടെലിഫോൺ: +966 12 2614093, +966 55 56122301
- വാട്സ്ആപ്പ്: +966 536209704
- ഇമെയിൽ: pbskcgi@gmail.com
ഇന്ത്യൻ പൗരന്മാർ പരിഭ്രാന്തരാകാതെ ശാന്തരായിരിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും കോൺസുലേറ്റ് അറിയിപ്പിൽ വ്യക്തമാക്കി.
Content Highlights: Indian Consulate in Jeddah issued travel advisory due to ongoing flight disruptions between India and Saudi Arabia., Special focus given to Umrah pilgrims traveling to Jeddah and Madinah., Passengers advised to check flight statuses with airlines and tour operators before heading to the airport., A 24-hour control room has been set up by the consulate with dedicated helpline and WhatsApp numbers for assistance.