ജിദ്ദയിൽ അനധികൃത ഗോഡൗണുകൾക്കെതിരെ വ്യാപക പരിശോധന

#ജാഫറലി പാലക്കോട്

ജിദ്ദ: ജിദ്ദയുടെ തെക്കൻ മേഖലയിലെ അനധികൃത സംഭരണ-വിതരണ കേന്ദ്രങ്ങൾക്കെതിരെ സൗദി അധികൃതർ നടത്തിയ സംയുക്ത പരിശോധനയിൽ 18 അനധികൃത ഗോഡൗണുകൾ അടച്ചുപൂട്ടി. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഗോഡൗണുകളിലാണ് വ്യാപക പരിശോധന നടത്തി വൻ തോതിൽ സാധനങ്ങൾ പിടിച്ചെടുത്തത്.

വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ മുനിസിപ്പൽ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചിരുന്ന അടച്ച ഗോഡൗൺ കണ്ടെത്തിയതായി ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. ഇവിടെ അനുമതിയില്ലാതെ വിവിധ ഉൽപ്പന്നങ്ങൾ സംഭരിക്കുകയും വിതരണം നടത്തുകയും ചെയ്തുവരികയായിരുന്നു.

പരിശോധനയിൽ വസ്ത്രങ്ങൾ, ഫർണിച്ചർ, തേൻ, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കൊപ്പം അനുമതിയില്ലാതെ മെഡിക്കൽ ഗുണങ്ങൾ അവകാശപ്പെട്ട് വിപണനം ചെയ്തിരുന്ന വ്യാജ ഉൽപ്പന്നങ്ങളും അധികൃതർ പിടിച്ചെടുത്തു.

പൂട്ടിച്ച ഗോഡൗണുകളിൽ ഒമ്പത് വസ്ത്ര സംഭരണശാലകളും, രണ്ട് തേൻ ഉൽപ്പാദന ഗോഡൗണുകളും, രണ്ട് ഫർണിച്ചർ ഗോഡൗണുകളും ഉൾപ്പെടുന്നു. കൂടാതെ ഭക്ഷ്യവസ്തുക്കൾ, മൊബൈൽ ഫോൺ ആക്‌സസറികൾ, പെർഫ്യൂമുകൾ, മെഡിക്കൽ അവകാശവാദങ്ങളുമായി വിറ്റിരുന്ന ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി ഓരോ ഗോഡൗണുകളും പ്രവർത്തിച്ചുവരികയായിരുന്നു.

സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.

വാണിജ്യ മന്ത്രാലയം, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി, സകാത്ത്-നികുതി-കസ്റ്റംസ് അതോറിറ്റി, സിവിൽ ഡിഫൻസ്, ഫീൽഡ് കൺട്രോൾ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന.

മുനിസിപ്പൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 'ബലദി' (Baladi) ആപ്പ് വഴിയോ ഏകീകൃത ഹെൽപ് ലൈൻ 940-ലോ വിവരം അറിയിക്കണമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. പൊതുജനങ്ങളുടെ സഹകരണം നിയമപാലനം ശക്തിപ്പെടുത്തുന്നതിനും പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനും നിർണായകമാണെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: 18 unauthorized warehouses closed in southern Jeddah., Seized goods included food, furniture, medical products, and apparel., Joint operation involving Jeddah Municipality and Saudi authorities., Public urged to report violations via Baladi app or 940.