അൽ-ഇത്ഖാൻ തഹ്ഫീദുൽ ഖുർആൻ കോഴ്‌സ്; അനസ് ബിൻ മാലിക് സെന്ററിൽ പുതിയ സംരംഭം

ജിദ്ദ: ഷറഫിയ്യ ഖാലിദ് ബിൻ വലീദിലുള്ള അനസ് ബിൻ മാലിക് സെന്ററിൽ ഖുർആൻ മന:പാഠത്തിനായി 'അൽ-ഇത്ഖാൻ' എന്ന പേരിൽ പുതിയ തഹ്ഫീദുൽ ഖുർആൻ കോഴ്‌സ് ആരംഭിക്കുന്നു. പ്രഥമ ബാച്ചിലേക്കുള്ള ക്ലാസുകൾ സെപ്തംബർ 12ന് ആരംഭിക്കും. ആഴ്ചയിൽ അഞ്ച് ദിവസങ്ങളിലായി രണ്ട് ബാച്ചുകളായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ജിദ്ദയിലെ ഷറഫിയയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അനസ് ബിൻ മാലിക് സെന്റർ ഭാരവാഹികൾ അറിയിച്ചു.
ഏഴ് മുതൽ 13 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് മോണിംഗ് ബാച്ച്. ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും ഖുർആൻ പഠിക്കാൻ ആഗ്രഹിക്കുന്ന മുതിർന്നവർക്കുമായി ശനി മുതൽ ബുധൻ വരെ വൈകിട്ട് 6.30 മുതൽ രാത്രി ഒൻപത് വരെയാണ് ഈവനിംഗ് ബാച്ച്.
ഖുർആൻ ഒഴുക്കോടെ പാരായണം ചെയ്യാൻ കഴിയുന്ന കുട്ടികൾക്ക് മോണിംഗ് ബാച്ചിലൂടെ രണ്ട് വർഷം കൊണ്ടും ഈവനിംഗ് ബാച്ചിലൂടെ മൂന്ന് വർഷം കൊണ്ടും മുഴുവൻ ഖുർആനും മനപ്പാഠമാക്കാൻ കഴിയുന്ന രീതിയിലാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നത്. മനപ്പാഠത്തോടൊപ്പം പാരായണ നിയമങ്ങൾ, നിത്യജീവിതത്തിലെ പ്രാർഥനകൾ, സദാചാര മൂല്യങ്ങൾ എന്നിവയും പഠിപ്പിക്കും.
അറബ് വംശജരായ വിദഗ്ധ അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. പഠനം പൂർത്തിയാക്കുന്നവർക്ക് സൗദി ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റുകൾ ലഭിക്കും. സ്‌കൂൾ പഠനം മുടങ്ങാതെ ഖുർആൻ പഠിക്കാൻ കഴിയുന്ന ഓപ്പൺ സ്‌കൂൾ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ആവശ്യമായ രേഖകൾക്കും മറ്റ് നടപടികൾക്കും സെന്ററിൽനിന്ന് സഹായം ലഭിക്കും.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മുതിർന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ക്ലാസ് മുറികളാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ ഖുർആൻ മനപ്പാഠമാക്കിയ ഹാഫിളുകൾക്ക് പുനഃപരിശീലനമായ മുറാജഅയ്ക്കും അവസരമുണ്ട്. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സെന്ററിലേക്ക് ഗതാഗത സൗകര്യവും ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ജിദ്ദ ദഅവാ കോഓർഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ സെന്ററിൽ നിലവിൽ റെഗുലർ ഇസ്ലാമിക് മദ്‌റസ, അൽ-ഫിത്‌റ ഇസ്ലാമിക് പ്രീ-സ്‌കൂൾ, ടീനേജുകാർക്കായുള്ള സി.ആർ.ഇ (കണ്ടിന്യൂസ് റിലീജിയസ് എജ്യുക്കേഷൻ) കോഴ്‌സ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായി രണ്ട് ഷിഫ്റ്റുകളിൽ നടക്കുന്ന റെഗുലർ മദ്‌റസയിൽ മുന്നൂറിലേറെ കുട്ടികളാണ് പഠിക്കുന്നത്. മൂന്ന് വയസ്സുള്ള നാൽപതോളം കുട്ടികൾ അൽ-ഫിത്‌റ പ്രീ-സ്‌കൂളിലും മുപ്പതോളം കുട്ടികൾ സി.ആർ.ഇ കോഴ്‌സിലും പഠിക്കുന്നുണ്ട്. കെ.ജി മുതൽ ഒന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി മദ്‌റസയുടെ പുതിയ ബ്രാഞ്ച് ഈ വർഷം ബവാദിയിലും ആരംഭിക്കും.
അൽ-ഇത്ഖാൻ കോഴ്‌സിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഷറഫിയ്യയിലെ ഖാലിദ് ബിൻ വലീദ് ഏരിയയിൽ സൗദി അവ്വൽ ബാങ്കിന് സമീപമുള്ള അനസ് ബിൻ മാലിക് സെന്റർ ഓഫീസുമായോ 0535618598, 0509299816, 0561562092 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
വാർത്താസമ്മേളനത്തിൽ സെന്റർ പ്രസിഡന്റ് സുനീർ പുളിക്കൽ, ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, കോഴ്‌സ് അക്കാദമിക് മേധാവി മുഹമ്മദ് റഫീഖ് സുല്ലമി, അൽ-ഇത്ഖാൻ പ്രിൻസിപ്പൽ അബ്ദുർറഊഫ് അൽ-ഹികമി, കോഓർഡിനേറ്റർ നൗഫൽ പീടിയേക്കൽ എന്നിവർ പങ്കെടുത്തു.
Content Highlights: Al-Itqan Hifz course starts September 12 at Anas Bin Malik Center, Sharafiyah, Jeddah., Morning and evening batches available for children and adults with certified instructors., Open school system supported so regular school education is not disrupted., Separate classrooms for boys, girls, men, and women with transportation facilities.