ഇറാൻ യുദ്ധ പ്രതിസന്ധി: ഊർജ വിപണിയിൽ 300 കോടി ബാരൽ എണ്ണയുടെ വിതരണനഷ്ടമെന്ന് അരാംകോ

റിയാദ്: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രതിസന്ധി ആരംഭിച്ചതിനുശേഷം ആഗോള ഊർജ വിപണിയിൽ ഏകദേശം 300 കോടി ബാരൽ എണ്ണയുടെ വിതരണനഷ്ടമുണ്ടായതായി സൗദി അരാംകോ പ്രസിഡന്റും സി.ഇ.ഒ.യുമായ അമീൻ അൽ നാസർ വെളിപ്പെടുത്തി. പ്രതിസന്ധിയുടെ ആഘാതം മുൻകാലങ്ങളിൽ കാണാത്ത വിധം രൂക്ഷമാണെന്നും ആവശ്യമായ നിലവാരത്തേക്കാൾ കുറഞ്ഞ എണ്ണശേഖരവുമായാണ് വിപണികൾ പ്രതിസന്ധിയിലേക്ക് കടന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒരു അറബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അൽ നാസർ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിസന്ധിക്കിടെ എണ്ണവില ഇതിലും ഉയർന്ന നിലയിലെത്താമായിരുന്നുവെന്നും എന്നാൽ ഈസ്റ്റ്വെസ്റ്റ് പൈപ്പ്ലൈൻ വിലവർധന ഒരു പരിധിവരെ തടയാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി അവസാനിക്കുന്നതോടെ ഉപഭോഗം വീണ്ടെടുക്കുന്നതിന്റെയും എണ്ണശേഖരം പുനഃപൂരിപ്പിക്കുന്നതിന്റെയും ഭാഗമായി പ്രതിദിന എണ്ണ ആവശ്യകതയിൽ 30 ലക്ഷം ബാരലിന്റെ വർധനയുണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു.
വിതരണ തടസ്സങ്ങളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഈസ്റ്റ്വെസ്റ്റ് പൈപ്പ്ലൈനിന്റെ ശേഷി പ്രതിദിനം ഒരു കോടി ബാരലായി ഉയർത്താൻ അരാംകോ പ്രവർത്തിക്കുന്നതായി അൽ നാസർ അറിയിച്ചു. എണ്ണ കയറ്റുമതിക്കായി പുതിയ പാതകൾ കണ്ടെത്തുന്നതിനുള്ള സാങ്കേതിക പഠനങ്ങളും പുരോഗമിക്കുകയാണ്.
ഹോർമുസ് കടലിടുക്ക്, ബാബ് അൽ മന്ദബ് കടലിടുക്ക്, സിദി കെരീർ എന്നിവയാണ് എണ്ണ കയറ്റുമതിക്കായി കമ്പനി ആശ്രയിക്കുന്ന മൂന്ന് പാതകളെന്ന് അദ്ദേഹം വിശദീകരിച്ചു. സൗദിക്ക് പുറത്തുള്ള എണ്ണ സംഭരണശേഷി ഇരട്ടിയാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. പ്രത്യേകിച്ച് ഏഷ്യയിലെ സംഭരണശേഷി വർധിപ്പിക്കുന്നതിനാണ് ശ്രദ്ധ.
പ്രതിസന്ധിക്കാലത്ത് കമ്പനിക്ക് ആവശ്യമായ സാമഗ്രികളിൽ 90 ശതമാനവും പ്രാദേശികമായി നിർമിച്ചതാണെന്ന് അൽ നാസർ പറഞ്ഞു. തീ അണയ്ക്കുന്നതിന് മുമ്പുതന്നെ നാശനഷ്ടങ്ങൾ വിലയിരുത്താനും അറ്റകുറ്റപ്പണികൾക്കാവശ്യമായ സാമഗ്രികൾ എത്തിക്കാനും കമ്പനിയുടെ സംഘങ്ങൾ പ്രവർത്തനം ആരംഭിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധിക്കിടെ നാശനഷ്ടങ്ങൾ മറികടക്കുന്നതിനും പ്രവർത്തനശേഷി പുനഃസ്ഥാപിക്കുന്നതിനും ജീവനക്കാർ നടത്തിയ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. 2021 മുതൽ 2030 വരെയുള്ള കാലയളവിൽ വാതക ഉൽപാദനം 80 ശതമാനം വർധിപ്പിക്കാനാണ് അരാംകോ ലക്ഷ്യമിടുന്നതെന്ന് അൽ നാസർ അറിയിച്ചു.
ജഫൂറ വാതക പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കുന്നതിൽ കാലതാമസമില്ലെന്നും 2027-ഓടെ ഇത് പൂർത്തിയാക്കാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാമത്തെ വാതക ശൃംഖല സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും നാലാമത്തെ ശൃംഖല സ്ഥാപിക്കുന്നതും പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദിയുടെ ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനാവശ്യമായ അളവിൽ വാതകം ലഭ്യമാകുന്നതിന് അനുസരിച്ചായിരിക്കും കയറ്റുമതിയെന്നും അദ്ദേഹം പറഞ്ഞു. ഊർജ കമ്പനികളിൽ ഏറ്റവും കൂടുതൽ പേറ്റന്റുകൾ അരാംകോയുടെ കൈവശമാണെന്ന് അൽ നാസർ അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സാങ്കേതികവിദ്യയിലൂടെ കമ്പനിക്ക് 11.3 ബില്യൺ ഡോളറിന്റെ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളായി ഒരു ബാരൽ എണ്ണ ഉൽപാദിപ്പിക്കുന്നതിനുള്ള ചെലവ് മൂന്ന് ഡോളറായി നിലനിർത്താൻ അരാംകോക്ക് കഴിഞ്ഞിട്ടുണ്ട്. ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യ വഹിക്കുന്ന പങ്കാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.
Content Highlights: Global energy markets faced a supply loss of approximately 3 billion barrels of oil due to the Iran war crisis., Aramco is increasing the East-West pipeline capacity to 10 million barrels per day to counter supply disruptions., Gas production is targeted to increase by 80 percent between 2021 and 2030, with the Jafurah gas project Phase 2 expected by 2027., Aramco has maintained a low production cost of three dollars per barrel of oil for decades.