സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂതി ആക്രമണങ്ങൾ; സിവിലിയൻ കേന്ദ്രങ്ങളെ തകർക്കുന്നത് യുദ്ധതന്ത്രമാക്കി വിമതസംഘം

#ന്യൂസ് ഡെസ്ക്

ജിദ്ദ: വർഷങ്ങളായി തുടരുന്ന യുദ്ധത്തിനിടെ യമനിലും രാജ്യത്തിന് പുറത്തും സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്ന ഹൂതി വിമതസംഘത്തിന്റെ നടപടികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വ്യാപക പ്രതിഷേധം. സാധാരണക്കാരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം പരസ്യമായി ഏറ്റെടുക്കുന്നതിലൂടെ അന്താരാഷ്ട്ര സമൂഹത്തോടുള്ള വെല്ലുവിളിയാണ് ഹൂതികൾ ഉയർത്തുന്നതെന്നാണ് വിലയിരുത്തൽ.
അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ആരംഭിച്ചതുമുതൽ സൈനിക കേന്ദ്രങ്ങൾക്കൊപ്പം സിവിലിയൻ വിമാനത്താവളങ്ങൾ, സാമ്പത്തിക സ്ഥാപനങ്ങൾ, സേവനമേഖലാ അടിസ്ഥാന സൗകര്യങ്ങൾ, ജനസാന്ദ്രതയേറിയ താമസമേഖലകൾ എന്നിവയും ഹൂതികൾ ലക്ഷ്യമിട്ടിട്ടുണ്ട്. റിയാദ്, അബഹ, ജിസാൻ വിമാനത്താവളങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളും സൗദി അരാംകോയുടെ ഊർജകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കങ്ങളും ഇതിന്റെ പ്രധാന ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ദശലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന നിർണായക സിവിലിയൻ സേവനങ്ങളാണ് ഇത്തരം കേന്ദ്രങ്ങൾ നൽകുന്നത്.
സൗദിയിലെ വിവിധ നഗരങ്ങൾക്കെതിരെയും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ സാധാരണക്കാർക്ക് ജീവഹാനിയും പരിക്കുകളും സംഭവിച്ചതിനൊപ്പം വീടുകൾക്കും മറ്റു സിവിലിയൻ സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങളുമുണ്ടായി. ഇത്തരം നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഹൂതി സംഘംതന്നെ ഏറ്റെടുത്തിട്ടുമുണ്ട്.
യമനിനുള്ളിലെ സാഹചര്യവും വ്യത്യസ്തമല്ല. വിവേചനരഹിതമായ ഷെല്ലാക്രമണങ്ങളും ജനവാസമേഖലകളിൽ കുഴിച്ചിട്ട കുഴിബോംബുകളും വഴി നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര ഏജൻസികളും ചൂണ്ടിക്കാട്ടുന്നു. യുദ്ധത്തിന്റെ ഏറ്റവും അപകടകരമായ മാനുഷിക ദുരന്തങ്ങളിലൊന്നായി കുഴിബോംബുകൾ മാറിയിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പ് പോരാട്ടം അവസാനിച്ച മേഖലകളിൽപ്പോലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കുഴിബോംബ് സ്ഫോടനങ്ങളിൽ കൊല്ലപ്പെടുന്നത് തുടരുകയാണ്.

ആക്രമണങ്ങളിലൂടെ നേരിട്ടുള്ള സൈനിക നേട്ടം കൈവരിക്കുന്നതിനേക്കാൾ മാനസികവും സാമ്പത്തികവുമായ ആഘാതം വർധിപ്പിക്കാനാണ് ഹൂതികൾ ശ്രമിക്കുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. വിമാനത്താവളങ്ങൾ, ഊർജകേന്ദ്രങ്ങൾ, ജനവാസമേഖലകൾ എന്നിവ ലക്ഷ്യമിടുന്നത് സൈനിക ശക്തിയുടെ സന്തുലിതാവസ്ഥയിൽ വലിയ മാറ്റമുണ്ടാക്കുന്നില്ല. എന്നാൽ, സാധാരണക്കാരുടെ ദുരിതം വർധിപ്പിക്കുകയും സംഘർഷത്തിന്റെ സാമ്പത്തികവും മാനുഷികവുമായ ആഘാതം രൂക്ഷമാക്കുകയും ചെയ്യുന്നു.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം നടപടികൾ. ജനീവ കൺവെൻഷനുകളും അനുബന്ധ അന്താരാഷ്ട്ര നിയമങ്ങളും സായുധ സംഘർഷങ്ങളിൽ സാധാരണക്കാരെയും സിവിലിയൻ വസ്തുക്കളെയും പ്രത്യേകമായി സംരക്ഷിക്കുന്നുണ്ട്. സൈനിക ലക്ഷ്യങ്ങളും സിവിലിയൻ കേന്ദ്രങ്ങളും തമ്മിൽ വ്യക്തമായ വേർതിരിവ് പാലിക്കണമെന്നും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഒഴിവാക്കണമെന്നും നിയമങ്ങൾ അനുശാസിക്കുന്നു.

സിവിലിയൻ വിമാനത്താവളങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ജനവാസമേഖലകൾക്കും നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവാത്ത അന്താരാഷ്ട്ര നിയമലംഘനങ്ങളാണെന്ന് വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങൾ തുടരുന്നത് മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നതിനൊപ്പം യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള സാധ്യതകളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

സാധാരണക്കാരെയോ സിവിലിയൻ കേന്ദ്രങ്ങളെയോ ബോധപൂർവം ലക്ഷ്യമിടുന്നത് ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാവില്ലെന്ന് അന്താരാഷ്ട്ര നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം ഇത്തരം നടപടികൾ യുദ്ധക്കുറ്റമായി പരിഗണിക്കപ്പെടാനും സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ ഹൂതികളുടെ ആക്രമണങ്ങൾ ഒറ്റപ്പെട്ട സൈനിക നീക്കങ്ങളായി മാത്രം കാണാനാവില്ല. സാധാരണക്കാരുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന ആവർത്തിച്ചുള്ള നടപടികളുടെ ഭാഗമായാണ് ഇവ വിലയിരുത്തപ്പെടുന്നത്. സിവിലിയൻ ജീവിതത്തെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്ന ഇത്തരം യുദ്ധതന്ത്രങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ നിലപാട് അനിവാര്യമാണെന്ന ആവശ്യവും ശക്തമാകുകയാണ്.