ഹജ്ജ് കെട്ടിടങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി മാര്‍ച്ച് അവസാനം വരെ നീട്ടി
ജിദ്ദ: ജൂണ്‍ മാസം നടക്കാനിരിക്കുന്ന വിശുദ്ധ ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള മക്കയിലെ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ സമയപരിധി സൗദി അറേബ്യ നീട്ടി. ഇസ്ലാമിലെ ഒമ്പതാം മാസമായ റമദാന്‍ 24 വരെയാണ് നീട്ടിയിട്ടുള്ളത്. മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിഷാല്‍ ആണ് സമയപരിധി നീട്ടാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം വിശുദ്ധ റമസാന്‍ മാസം മാര്‍ച്ച് 1 ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് താമസിക്കുവാനുള്ള സൗകര്യമുള്ള കെട്ടിട ഉടമകള്‍ തങ്ങളുടെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അംഗീകൃത കണ്‍സള്‍ട്ടന്‍സി എഞ്ചിനീയറിംഗ് ഓഫീസുകളുമായി വേഗത്തില്‍ ബന്ധപ്പെടണമെന്ന് മക്കയില്‍ തീര്‍ഥാടകര്‍ക്ക് പാര്‍പ്പിടം ഒരുക്കുന്നതിന്റെ ചുമതലയുള്ള സൗദി ദേശീയ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ഹജ്ജ് കര്‍മത്തിന്റെ നേരത്തെയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ബന്ധപ്പെട്ട പെര്‍മിറ്റുകള്‍ നേടുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായി കഴിഞ്ഞ ജൂലൈയില്‍ കമ്മിറ്റി അറിയിച്ചിരുന്നു. തീര്‍ഥാടകര്‍ക്ക് താമസിക്കാന്‍ കെട്ടിടങ്ങള്‍ വാടകയ്ക്കെടുക്കുന്നതിനോ പെര്‍മിറ്റ് പുതുക്കുന്നതിനോ താത്പര്യമുള്ള സൗദി പൗരന്മാരോട് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള സമയപരിധി മക്ക മുനിസിപ്പാലിറ്റി നിശ്ചയിച്ചത് യഥാര്‍ത്ഥത്തില്‍ ഇക്കഴിഞ്ഞ ജനുവരി 30 ന് തുല്യമായ ഏഴാമത്തെ ഇസ്ലാമിക മാസമായ റജബ് മാസം അവസാനം വരെയാണ്. അതേസമയം നിലവിലെ ശഅബാന്‍ മാസത്തിന്റെ അവസാനത്തില്‍ പെര്‍മിറ്റുകള്‍ നല്‍കാനുള്ള സമയപരിധിയുമാണ്.
സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് മുമ്പ് കെട്ടിടങ്ങള്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാണെന്ന് പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത് മുനിസിപ്പാലിറ്റിയുടെയും സിവില്‍ ഡിഫന്‍സ് സര്‍വീസിന്റെയും അംഗീകാരമുള്ള എന്‍ജിനീയറിങ് സ്ഥാപനങ്ങള്‍ക്കാണ്. ഇത്തരം പരിശോധനയും മറ്റും കാരണം ഉണ്ടായേക്കാവുന്ന അവസാന നിമിഷത്തെ പ്രോസസ്സിംഗും തിരക്കും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാനും എല്ലാ സുരക്ഷാനടപടികളും പാലിക്കാനും അപേക്ഷകള്‍ എത്രയും വേഗം കൈമാറാന്‍ മുനിസിപ്പാലിറ്റി ഭൂവുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: hajj news