തനിമ വളണ്ടിയർമാർക്ക് ഹജ്ജ് സർവീസ് പെർമിറ്റ് ലഭിച്ചു, പരിശീലനം പൂർത്തിയായി

തനിമ ഹജ്ജ് വളണ്ടിയർ പരിശീലനം കേന്ദ്ര പ്രസിഡന്റ് എ. നജ്മുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
തനിമ ഹജ്ജ് വളണ്ടിയർ പരിശീലനം കേന്ദ്ര പ്രസിഡന്റ് എ. നജ്മുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

ജിദ്ദ: തനിമയുടെ കീഴിൽ സേവന നിരതരാകുന്ന ഭൂരിഭാഗം ഹജ്ജ് വളണ്ടിയർമാർക്കും ഹജ്ജ് മന്ത്രാലയത്തിൽനിന്നുള്ള അനുമതി പത്രം ലഭിച്ചു. അറഫയിലും മിനയിലും മുസ്ദലിഫയിലും സേവനമനുഷ്ഠിക്കുന്ന നൂറിലേറെ വളണ്ടിയർമാർക്ക് ഇതിനകം പെർമിറ്റ് ലഭിച്ചുവെന്നും ബാക്കിയുള്ളവർക്ക് അടുത്ത ദിവസം തന്നെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും വളണ്ടിയർമാരുടെ അവസാനഘട്ട പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത തനിമ കേന്ദ്ര പ്രസിഡന്റ് എ.നജ്മുദ്ദീൻ അറിയിച്ചു.
പതിറ്റാണ്ടുകളായുള്ള തനിമയുടെ ഹജ്ജ് സർവീസ് പാരമ്പര്യം ഉയർത്തിപ്പിടിക്കണമെന്നും ആത്മാർഥമായും ഉത്തരവാദിത്തത്തോടെയും ദൗത്യം പൂർത്തിയാക്കണമെന്നും എ.നജ്മുദ്ദീൻ വളണ്ടിയർമാരെ ഉണർത്തി.
കഴിഞ്ഞ വർഷം പ്രതീക്ഷയോടെ കാത്തിരുന്ന വളണ്ടിയർമാർക്ക് പെർമിറ്റ് ലഭിക്കാത്തതിനാൽ അവസരം ലഭിച്ചിരുന്നില്ല. ഇത്തവണ കൂടുതൽ ആവേശത്തോടെയാണ് ഹജ്ജ് വളണ്ടിയർമാർ മിനിയിലേക്ക് തിരിക്കുന്നത്. കർമങ്ങൾക്കിടയിൽ അവശരാകുന്ന ഹാജിമാരെ സേവിക്കുകയും അവരെ സുരക്ഷിതമായി ടെന്റുകളിലെത്തിക്കുകയുമാണ് വളണ്ടിയർമാർക്ക് ചെയ്യാനുള്ളത്. വഴി അറിയാതെ ബുദ്ധിമുട്ടുന്ന ഹാജിമാരിൽ ചിലർക്ക് ദിവസങ്ങൾ കഴിഞ്ഞായിരിക്കും പലപ്പോഴും ടെന്റ് കണ്ടെത്താൻ കഴിയുക. ഇവർക്ക് മുന്നിലാണ് വീൽ ചെയറുമായും മറ്റു സംവിധാനങ്ങളുമായും വളണ്ടിയർമാരുടെ സേവനമെത്തുക. ഹാജിമാർക്കും വളണ്ടിയർമാർക്കും ഒരു പോലെ സഹായകമാകുന്ന മൊബൈൽ ആപ്പും തനിമ പുറത്തിറക്കിയിട്ടുണ്ട്.
വിശുദ്ധ ഭൂമിയിൽ ഹാജിമാരെ എങ്ങനെ സഹായിക്കാമെന്നതിനെ കുറിച്ച് അവസാനഘട്ട പരിശീലനത്തിൽ തനിമ ഹജ്ജ് - ഉംറ മൊബൈൽ ആപ്പ് ഇൻ ചാർജ് മുനീർ ഇബ്രാഹിം, വളണ്ടിയർ സർവീസ് ജനറൽ കൺവീനർ തമീം മമ്പാട്, ക്യാപ്റ്റൻ അബ്ശീർ എന്നിവർ വിശദീകരിച്ചു. ജനസേവനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഉത്തരവാദിത്തത്തെ കുറിച്ചും തനിമ കേന്ദ്ര സമിതി അംഗം ശഫീഖ് നദ് വി നസീഹത്ത് നടത്തി.
സേവന രംഗത്തുള്ള മറ്റു വളണ്ടിയർമാരുമായി സഹകരിച്ചും അധികൃതരുടെ നിർദേശങ്ങൾ യഥാസമയം അനുസരിച്ചും അച്ചടക്കത്തോടെ തനിമയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കണമെന്ന് സമാപന പ്രസംഗത്തിൽ തനിമ കേന്ദ്ര ജനറൽ സെക്രട്ടറി ഉമർ ഫാറൂഖ് പാലോട് ഉണർത്തി.

 

Content Highlights: Over 100 Tanima volunteers received official Hajj Ministry permits for 2026.