ഹജ്ജ്: ആദ്യകല്ലേറ് കർമം ഇന്ന്

Caption
Caption

മിന : ഹജ്ജ് കർമത്തിന്റെ മൂന്നാംദിനമായ ഞായറാഴ്ച ഹാജിമാർ മിനായിൽ സാത്താന്റെ പ്രതീകമായ ജംറയ്ക്ക് നേരേയുള്ള ആദ്യ കല്ലേറ് നിർവഹിക്കും. ഏറ്റവുംവലിയ ജംറയായ ജംറത്തുൽ അക്ബയിലാണ് പുലർച്ചെ കല്ലേറ് കർമം നടക്കുക. അതിനുശേഷം തീർഥാടകർ ബലിയർപ്പണം നടത്തും.

തുടർന്ന് മക്കയിലെത്തി കഅബ പ്രദക്ഷിണവും മുടിമുറിക്കലും ഉൾപ്പെടെ നിർവഹിച്ചശേഷം ഇഹ്‌റാം വേഷം മാറി പുതുവസ്ത്രം അണിയും. അതോടെ ഞായറാഴ്ചത്തെ കർമങ്ങൾക്ക് വിരാമമാകും. രണ്ടാംദിനം മൂന്ന് ജംറകളിലായാണ് കല്ലേറ് നടക്കുക. മൂന്നാംദിനത്തിലെ കല്ലേറ് കർമം പൂർത്തിയാകുന്നതുവരെ ഹാജിമാർ മിനായിൽ തങ്ങും.

പ്രാർഥനാനിർഭരമായ മനസ്സോടെ ലോകമെമ്പാടുനിന്നുള്ള ലക്ഷക്കണക്കിന് തീർഥാടകരാണ് ഹജ്ജിന്റെ രണ്ടാംദിനമായ ശനിയാഴ്ച അറഫയിൽ സംഗമിച്ചത്.

അറഫ അതിർത്തിയിലുള്ള നമിറ പള്ളിയിൽ ഉച്ചയ്ക്ക് നടന്ന പ്രഭാഷണത്തിലും നിസ്കാരത്തിലും ഹാജിമാർ പങ്കെടുത്തു. മക്കയിലെ ഹറം ഇമാമും പ്രഭാഷകനുമായ ശൈഖ് മഹർ അൽ-മുഐക്കിലി പ്രഭാഷണത്തിന് നേതൃത്വം നൽകി.

മലയാളം ഉൾപ്പെടെ 20 ഭാഷകളിൽ പ്രഭാഷണം കേൾക്കാൻ സൗകര്യമൊരുക്കിയിരുന്നു. ലോകത്തിന്റെ ഏത് കോണിലിരുന്നും പ്രഭാഷണം കേൾക്കാനായി മനാറത്ത് അൽ ഹറമൈൻ പ്ലാറ്റ്ഫോം വഴിയാണ് തത്സമയം വിവർത്തനം ഒരുക്കിയത്. വിവിധ എഫ്.എം. റേഡിയോ സ്റ്റേഷനുകളിലൂടെയും കേൾക്കാമായിരുന്നു.

അറഫാ സംഗമത്തിനുശേഷം നമിറ പള്ളിയിലെ പ്രാർഥനകളും കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന ജബലുറഹ്‌മയിലെ പ്രാർഥനയുമായിരുന്നു ചടങ്ങുകൾ.

തുടർന്ന് അറഫയിൽനിന്ന് 10 കിലോമീറ്റർ അകലെ മുസ്ദലിഫയിലേക്ക് തീർഥാടകർ നീങ്ങി. ഇവിടെനിന്ന് ചെറിയ കല്ലുകൾ ശേഖരിച്ചാണ് കല്ലേറ് കർമത്തിനായി മിനായിലെത്തിയത്.

അറഫയിൽ സമ്മേളിക്കുന്നതിനിടെ മക്കയിൽ കഅബാലയത്തെ പുതിയ കിസ്‌വ (പുടവ) അണിയിച്ചു.

കിങ് അബ്ദുൽ അസീസ് കിസ്‌വ കോംപ്ലക്സിൽനിന്ന് പ്രത്യേക ട്രക്കിലാണ് കിസ്‌വ എത്തിച്ചത്. നാലുവശങ്ങളിലും കവാടത്തിലുമായി അഞ്ചുഭാഗങ്ങളാക്കി ഉയർത്തിയശേഷമാണ് തുന്നിച്ചേർത്തത്. ഹറംകാര്യമേധാവി ശൈഖ് ഡോ. അബ്ദുൽ റഹ്മാൻ അൽ സുദൈസ് ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

18.3 ലക്ഷത്തിലേറെ പേരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്.

Content Highlights: