ഇസ്രായേലിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഫ്‌ളൈദുബായ്; എമിറേറ്റ്‌സ് കോഡ്‌ഷെയറും റദ്ദാക്കി

ദുബായ്: ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പോയ വിമാനത്തിനുള്ളിൽ സംഭവിച്ച അടിയന്തര സാഹചര്യത്തെ തുടർന്ന് ഇസ്രായേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെച്ചതായി ഫ്‌ളൈ ദുബായ് അറിയിച്ചു. യു.എ.ഇ.വിമാനക്കമ്പനിയായ എമിറേറ്റ്‌സും ഫ്‌ലൈദുബായുമായുള്ള കോഡ്‌ഷെയർ സർവീസുകൾ അടിയന്തരമായി റദ്ദാക്കിയിട്ടുണ്ട്.

സെപ്റ്റംബർ 30-ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ കോക്പിറ്റിൽ ഉടലെടുത്ത പ്രശ്‌നങ്ങളെത്തുടർന്നാണ് നടപടി. അധികൃതരുടെ അന്വേഷണം പൂർത്തിയാകുന്നതുവരെ വിമാന സർവീസുകൾ നിർത്തിവെക്കാനാണ് തീരുമാനം. വിമാനം പറക്കുന്നതിനിടെ കോക്പിറ്റിനുള്ളിൽ ഉണ്ടായ അടിയന്തര സാഹചര്യം കാരണം കോക്പിറ്റിന്റെ നിയന്ത്രണം ഏറ്റെടുത്ത ജീവനക്കാർ വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണമായും സുരക്ഷിതരാണെന്ന് കമ്പനി വക്താവ് വ്യക്തമാക്കി.