ഡ്രോൺ ആക്രമണത്തിന് പിന്നാലെ അറ്റകുറ്റപ്പണി പൂർത്തിയായി; സൗദി വീണ്ടും എണ്ണ കയറ്റുമതി തുടങ്ങി

Representative image
Representative image

റിയാദ്: സെപ്റ്റംബർ 10-ന് ഉണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് നിർത്തിവെച്ച സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ വഴിയുള്ള എണ്ണ കയറ്റുമതി പുനരാരംഭിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമാണ് പൈപ്പ്ലൈൻ വഴി എണ്ണ നീക്കം പുനഃസ്ഥാപിച്ചത്.പൈപ്പ്ലൈൻ വീണ്ടും പ്രവർത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി സൗദി അറാംകോ കഴിഞ്ഞയാഴ്ച പരിശോധനകൾ നടത്തിയിരുന്നു. തുടർന്ന് കയറ്റുമതിക്കായി ഉദ്ദേശിച്ച എണ്ണയുടെ നീക്കം പുനരാരംഭിച്ചതായാണ് റിപ്പോർട്ട്.

സൗദി ക്രൂഡിന് പ്രധാനപ്പെട്ട മറ്റൊരു കയറ്റുമതി മാർഗം കൂടി ഇതോടെ തിരിച്ചെത്തിയിരിക്കുകയാണ്. ഇറാനുമായുള്ള യുദ്ധകാലത്ത് സൗദി ഈ പൈപ്പ്ലൈനെ പ്രധാന ബദൽ കയറ്റുമതി മാർഗമായി ഉപയോഗിച്ചിരുന്നു. അതേസമയം, ഈ മാസം ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ കയറ്റുമതിയും സൗദി വർധിപ്പിച്ചിട്ടുണ്ട്.

ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ പൂർണ ശേഷിയിൽ പ്രവർത്തനത്തിലേക്ക് മടങ്ങുന്നത് അറേബ്യൻ ഗൾഫിലെ കടൽഗതാഗതവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾക്കിടയിൽ എണ്ണ ലഭ്യത ഉറപ്പാക്കാൻ ശ്രമിക്കുന്ന രാജ്യങ്ങൾക്കും ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. പൈപ്പ്ലൈൻ പൂർണ ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കുന്നതോടെ ഹോർമുസ് കടലിടുക്ക് വഴി സൗദി എത്രത്തോളം എണ്ണ കയറ്റുമതി തുടരുമെന്നതും വിപണി നിരീക്ഷിക്കുന്നുണ്ട്.അറേബ്യൻ ഗൾഫിലൂടെയുള്ള കപ്പൽ ഗതാഗതം ഇപ്പോഴും വിവിധ സുരക്ഷാ ഭീഷണികൾ നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഇറാനുമായുള്ള യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കുന്നതിനിടെ ചില കപ്പലുകൾക്ക് നേരെ ഇടയ്ക്കിടെ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണയാണ് ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ വഴി കൈകാര്യം ചെയ്യാൻ കഴിയുന്നത്. ഇതിൽ സാധാരണയായി പ്രതിദിനം ഏകദേശം 20 ലക്ഷം ബാരൽ സൗദിയുടെ പടിഞ്ഞാറൻ തീരത്തെ റിഫൈനറികളിലേക്ക് എത്തിക്കുന്നു. ശേഷിക്കുന്ന ശേഷിയാണ് കയറ്റുമതിക്കായി ഉപയോഗിക്കാൻ കഴിയുക.ഇറാനുമായുള്ള യുദ്ധകാലത്ത് പടിഞ്ഞാറൻ മേഖലയിലേക്കുള്ള ഈ എണ്ണവിതരണ പാത ആഗോള വിപണിയിലെ എണ്ണവിലയിലെ കുത്തനെയുള്ള വർധനവ് നിയന്ത്രിക്കുന്നതിൽ നിർണായകമായിരുന്നു.അതേസമയം, മധ്യപൂർവദേശത്തെ സംഘർഷം അവസാനിപ്പിക്കുന്ന കരാറിലെത്തുന്നതിൽ അമേരിക്കയും ഇറാനും തമ്മിൽ അഭിപ്രായവ്യത്യാസം തുടരുന്നതിനിടെ തിങ്കളാഴ്ച എണ്ണവില ബാരലിന് 107 ഡോളറിന് മുകളിലെത്തി.

Content Highlights: East-West pipeline resumes oil exports after completion of repairs following a drone attack., Pipeline has a total capacity of 7 million barrels per day., Crucial alternative route during the ongoing conflict with Iran affecting Gulf shipping lanes., Global oil prices surged above $107 per barrel amid Middle East tensions.