അന്താരാഷ്ട്ര ഖുര്‍ആന്‍ ഫൈനല്‍ റൗണ്ട് മത്സരത്തിന് തുടക്കം

#ജാഫറലി പാലക്കോട്
മത്സരത്തില്‍നിന്ന്‌
മത്സരത്തില്‍നിന്ന്‌

മക്ക: 45-ാമത് കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തിന് മക്കയില്‍ തുടക്കം. നേരത്തെ വിദേശരാജ്യങ്ങളില്‍ നടത്തിയ യോഗ്യതാ റൗണ്ടിലെ വിജയികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മക്കയിലെ വിശുദ്ധ ഹറമിലാണ് ഫൈനല്‍ റൗണ്ട് മത്സരം നടക്കുന്നത്. 128 രാജ്യങ്ങളില്‍നിന്നുള്ള 179 മത്സരാര്‍ഥികള്‍ ഫൈനല്‍ റൗണ്ടില്‍ മത്സരാര്‍ഥികളായുണ്ട്. ഫൈനല്‍ റൗണ്ട് ആറുദിവസം നീണ്ടുനില്‍ക്കും. ഇസ്ലാമികകാര്യമന്ത്രിയും കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിന്റെ സൂപ്പര്‍വൈസര്‍ ജനറലുമായ ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ഫൈനല്‍ റൗണ്ട്  ഉദ്ഘാടനം ചെയ്തു.

45-ാം തവണയാണ് ഇസ്ലാമികകാര്യ മന്ത്രാലയം മത്സരം സംഘടിപ്പിക്കുന്നത്. തികച്ചും നീതിയുക്തമായ മത്സരം ഉറപ്പാക്കാനുള്ള എല്ലാ സംവിധാനവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. സൗദി അറേബ്യ, മൊറോക്കൊ, ഉഗാണ്ട, അല്‍ബേനിയ എന്നിവിടങ്ങളില്‍ നിന്നാണ് വിധികര്‍ത്താക്കള്‍. മത്സരവിജയികള്‍ക്ക് മൊത്തം 40 ലക്ഷം റിയാല്‍ ക്യാഷ് പ്രൈസ് സമ്മാനത്തുകയായി നല്‍കും. അതേസമയം, മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും മൊത്തം പത്തുലക്ഷം റിയാല്‍ പ്രത്യേക ഉപഹാരമായി നല്‍കും.

Content Highlights: 45th King Abdulaziz International Quran Memorization Competition to Kick Off Saturday in Makkah