സുംബാ ഡാൻസ് വിയോജിപ്പ് പ്രകടിപ്പിച്ച ടി.കെ. അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി പ്രതിഷേധാർഹം: QKIC

ദോഹ: യാതൊരുവിധ ചർച്ചകളും കൂടിയാലോചനകളുമില്ലാതെ, പൊതുവിദ്യാലയങ്ങളിലേക്ക് നിർബന്ധബുദ്ധിയിൽ സർക്കാർ കൊണ്ടുവന്ന സൂംബാ ഡാൻസ് എന്ന 'ലഹരി വിരുദ്ധ' പദ്ധതി തീർത്തും അശാസ്ത്രീയവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയുള്ളതുമാണെന്നും, ഇത്തരം തെറ്റായ നീക്കങ്ങൾക്കെതിരെ പൊതു സമൂഹം ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കുക എന്നത് ഉത്തരവാദപ്പെട്ടവരുടെ ബാധ്യതയാണെന്നും ഖത്തർ കേരള ഇസ്‌ലാഹി സെൻ്റർ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
ധാർമികതയിൽ ഊന്നിയ നമ്മുടെ സംസ്കാരത്തിന് ഒട്ടും യോജിക്കാത്ത ഈ വിഷയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് മാന്യമായ ഒരു വിയോജിപ്പ് ഉന്നയിച്ചപ്പോഴേക്കും ദ്രുതഗതിയിൽ അദ്ദേഹത്തിനെതിരെ സ്വീകരിച്ച സസ്പെൻഷനടക്കമുള്ള വിദ്യാഭ്യാസവകുപ്പിന്റെ നടപടികൾ തികഞ്ഞ ഫാസിസവും പ്രതിഷേധാർഹവുമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണ്. ആഘോഷ സംസ്കാരം വിദ്യാർഥിസമൂഹത്തിന് മേൽ അടിച്ചേൽപ്പിച്ച്, സർക്കാരുദ്യോഗസ്ഥരെ അത്തരം ശീലങ്ങളുടെ ബാധ്യസ്ഥരാക്കാൻ സർക്കാർ ശ്രമിക്കുന്നത് വലിയ അപകടത്തെ വിളിച്ചു വരുത്തലാണ്. എന്റെ കുട്ടി സുംബാ ഡാൻസ് കളിക്കില്ലെന്നും സർക്കാർ ഉദ്യോഗസ്ഥനായിരിക്കെത്തന്നെ ഞാൻ അതിന്റെ പ്രചാരകനാവില്ലെന്നും ഒരു പൗരൻ തീരുമാനിച്ചാൽ അതിൽ ഭരണകൂടം അതിർവരമ്പ് തിരിച്ചറിയണം. അല്ലാതെ ആ അധ്യാപകന് എതിരെ നടപടി സ്വീകരിക്കുകയല്ല ഒരു ജനാധിപത്യ സർക്കാരിന്റെ രീതി. ഇത് പൊതുവിദ്യാഭ്യാസ മേഖലക്ക് തന്നെ തിരിച്ചടിയാവും.
വരും തലമുറയിൽ ധാർമ്മിക സംസ്കാരവും മൂല്യബോധവും നിലനിന്നു കാണണമെന്നാഗ്രഹിക്കുന്ന ഓരോരുത്തരും എതിരഭിപ്രായം പറയുന്നവരെ വേട്ടയാടുന്ന ഈ കൾച്ചറൽ ഫാസിസത്തിനെതിരെ ശബ്ദിക്കണമെന്നും യോഗം കൂട്ടിച്ചേർത്തു. ജന. സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി ആമുഖ ഭാഷണം നടത്തിയ യോഗത്തിൽ പ്രസിഡൻ്റ് കെ.ടി. ഫൈസൽ സലഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗങ്ങളായ മുഹമ്മദലി മൂടാടി, ഖാലിദ് കട്ടുപ്പാറ, ഷഹാൻ വി.കെ, ശബീറലി അത്തോളി എന്നിവർ സംസാരിച്ചു.
Content Highlights: QKIC condemns the suspension of T.K. Ashraf for opposing the mandatory Zumba program in schools