'ഹൃദയാരോഗ്യം ഗൗരവമായി കാണണം'; ബോധവത്കരണം സംഘടിപ്പിച്ചു

ബോധവത്കരണ പരിപാടിയിൽനിന്ന്
ബോധവത്കരണ പരിപാടിയിൽനിന്ന്

ദോഹ: ഹൃദയാരോഗ്യം ഗൗരവമായി കാണുകയും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്താൽ ഹൃദ്രോഗം മൂലമുള്ള പല അപകടങ്ങളും ഒഴിവാക്കാനും ജീവൻ രക്ഷിക്കാനും കഴിയുമെന്ന് നസീം ഹെൽത്ത് കെയറിലെ മുതിർന്ന കാർഡിയോളജിസ്റ്റ് ഡോ. രാധാകൃഷ്ണനും ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ഹാർട്ട് ഹോസ്പിറ്റൽ കാർഡിയോതോറാസിക് അനസ്‌തേഷ്യ- സി.ടി. ഐ.സി.യു വിഭാഗം മേധാവി ഡോ. റഷീദ് പട്ടത്തും അഭിപ്രായപ്പെട്ടു. ഹൃദയാരോഗ്യസംരക്ഷണത്തിൽ ബോധവത്കരണത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ഇരുവരും പറഞ്ഞു.

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഹൃദയസംബന്ധമായ രോഗങ്ങൾ നേരത്തെ തിരിച്ചറിയുകയും അപകടസാധ്യതാ ഘടകങ്ങൾ കണ്ടെത്തുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിന് സമൂഹത്തിൽ കൂടുതൽ അവബോധം വളർത്തേണ്ടതുണ്ടെന്ന് ഡോ. രാധാകൃഷ്ണൻ പറഞ്ഞു.

ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ഹാർട്ട് ഹോസ്പിറ്റലിലെ കാർഡിയോതോറാസിക് അനസ്‌തേഷ്യ, സി.ടി. ഐ.സി.യു വിഭാഗം മേധാവി ഡോ. റഷീദ് പട്ടത്ത് മുഖ്യപ്രഭാഷണം നടത്തി. ഹൃദയത്തിന്റെ ഘടന, പ്രവർത്തനം, പ്രാധാന്യം എന്നിവ വിശദീകരിച്ച അദ്ദേഹം ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിന് കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ ജീവിതശൈലി എന്നിവ പിന്തുടരേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി.

ചടങ്ങിൽ ന്യൂഗുഡ്‌വിൽ കാർഗോ മാനേജിങ് ഡയറക്ടർ മുഹമ്മദ് നൗഷാദ് അബു, ദോഹ ബ്യൂട്ടി സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പോസ്, നസീം ഹെൽത്ത് കെയർ മാർക്കറ്റിങ് മാനേജർ സന്ദീപ് നായർ, കേരള എൻട്രപ്രണേഴ്സ് ക്ലബ്ബ് പ്രസിഡന്റ് അസ്ഗറലി, ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ എന്നിവർ വിശിഷ്ടാതിഥികളായി.

Content Highlights: Senior cardiologists Dr. Radhakrishnan and Dr. Rasheed Pattath spoke at a heart health awareness event organized by Media Plus in Doha.