ചെണ്ടയിൽ മാന്ത്രിക സ്പർശവുമായി കുരുന്നുകൾ; ഖത്തറിലെ മേളവേദികളിൽ ശ്രദ്ധേയ സാന്നിധ്യമായി മൂന്ന് വിദ്യാർഥികൾ

ദോഹ: ചെണ്ടയുടെ താളവിസ്മയവുമായി ഖത്തറിലെ മേളവേദികളിൽ ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ് മൂന്ന് കൊച്ചുപ്രതിഭകൾ. ബിർള പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ഇഷാൻ സൂരജും പോഡാർ പേൾ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥികളായ നൈതിക് നിഖിലും അധ്രിത് ഷിജിൽ മാധവുമാണ് തങ്ങളുടെ ചെണ്ടവാദന മികവിലൂടെ ശ്രദ്ധ നേടുന്നത്.

പഠനത്തിലും കലാരംഗത്തും ഒരുപോലെ മികവ് പുലർത്തുന്ന ഈ വിദ്യാർഥികൾക്ക് ചെണ്ട അഭ്യസിക്കുന്നതിലൂടെ മാനസിക ഉല്ലാസവും ഏകാഗ്രതയും വർധിക്കുന്നതായി അവരുടെ രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നു. ചെറുപ്രായത്തിൽ തന്നെ കേരളത്തിന്റെ തനതായ വാദ്യകലയിൽ താൽപ്പര്യം പ്രകടിപ്പിച്ച് പരിശീലനം തുടരുന്ന ഇവരുടെ നേട്ടം കലാസ്‌നേഹികൾക്കും പ്രവാസി മലയാളി സമൂഹത്തിനും അഭിമാനകരമാണ്.

ഖത്തറിലെ പ്രമുഖ വാദ്യകലാസംഘമായ മേളം ദോഹയിലെ ചെണ്ടകലാകാരനും കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ ചെണ്ടമേളവും തായമ്പകയും അവതരിപ്പിച്ച് ശ്രദ്ധയും പ്രശംസയും നേടിയിട്ടുള്ള അഡ്വ. മഹേഷ് വിജയകൃഷ്ണന്റെ ശിക്ഷണത്തിലാണ് ഇവർ ചെണ്ടയിൽ പരിശീലനം നേടിവരുന്നത്.

പരമ്പരാഗത വാദ്യകലകളെ പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനൊപ്പം കുട്ടികളിലെ കലാവാസനയും സർഗാത്മകതയും വളർത്തുന്നതിൽ ഇത്തരം പരിശീലനങ്ങൾക്ക് വലിയ പങ്കുണ്ട്. ചെണ്ടയുടെ താളപ്പെരുക്കത്തിലൂടെ കലാരംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള ഒരുക്കത്തിലാണ് ഈ മൂന്ന് കുരുന്നുകളും.

Content Highlights: Three young students in Qatar are gaining recognition for their Chenda Melam skills., The students study at Birla Public School and Podar Pearl School., They are trained by prominent Chenda artist Adv. Mahesh Vijayakrishnan under Melam Doha., Learning the traditional art form enhances concentration and mental relaxation.