‘സമൂഹത്തിന്റെ നന്മയ്ക്കായി ഐക്യത്തോടെ മുന്നേറണം’; പാസ് ഖത്തർ സ്വീകരണ യോഗത്തിൽ സുലൈമാൻ മാസ്റ്റർ

പാസ് ഖത്തർ ഒരുക്കിയ സുലൈമാൻ മാസ്റ്റർക്കുള്ള സ്വീകരണച്ചടങ്ങിൽനിന്ന്
പാസ് ഖത്തർ ഒരുക്കിയ സുലൈമാൻ മാസ്റ്റർക്കുള്ള സ്വീകരണച്ചടങ്ങിൽനിന്ന്

ദോഹ: പൂനൂരിന്റെ പാരമ്പര്യമായ സഹവർത്തിത്വവും സാഹോദര്യവും നിലനിർത്തുന്നതിനും സമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി പാസ് പ്രവർത്തകർ സജീവമായി മുന്നിട്ടിറങ്ങണമെന്ന് ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിലെത്തിയ സുലൈമാൻ മാസ്റ്റർ പറഞ്ഞു. 

കോഴിക്കോട് ജില്ലയിലെ പൂനൂർ നിവാസികളുടെ കൂട്ടായ്മയായ പൂനൂർ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് (പാസ് ഖത്തർ) സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ ഐക്യവും പരസ്പര സഹകരണവും അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തി സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ പാസ് പ്രവർത്തകർ നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഹവർത്തിത്വത്തിനും സാഹോദര്യത്തിനും പേരുകേട്ട നാടാണ് പൂനൂരെന്നും ഈ മഹത്തായ പാരമ്പര്യം വരുംതലമുറകളിലേക്കും നിലനിർത്താൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കൂട്ടായ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത യോഗം ചൂണ്ടിക്കാട്ടി. ഖത്തറിന്റെ മുൻ ഭരണാധികാരിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തുകയും പ്രാർഥന നടത്തുകയും ചെയ്തു. 2026 സെപ്റ്റംബർ 17-ന് കുടുംബ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അഡ്വൈസറി ബോർഡ് ചെയർമാൻ അസ്ഹർ അലി യോഗം ഉദ്ഘാടനം ചെയ്തു. കലാം അവേലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഫീഖ് ഷംറാസ് സ്വാഗതവും സെക്രട്ടറി ആഷിഖ് ഹാഫിൽ നന്ദിയും പറഞ്ഞു.

സി.പി. ഷംസീർ, മൻസിബ് പഴയേടത്ത്, ഹാരിസ് പൂക്കോട്, അഫ്നാസ് ഉണ്ണികുളം, സുബൈർ കാന്തപുരം, മുബാഷിർ ചിറക്കൽ, ജുനൈദ്, അർഷാദ് അലി, ഷഹ്സാദ് വി.എം., നഹ്യാൻ അബ്ദുൽ ഹക്കീം, കരീം കെ.പി, സവാദ് ഡോക്ടർ, ജംഷിദ് കോളിക്കൽ, മുഹമ്മദ് ശിഹാബ്, നഈം, ജാസ്സിം റഹ്മാൻ വി.ഒ.ടി.എന്നിവർ സംസാരിച്ചു.

Content Highlights: Call for social unity and brotherhood in Poonoor, Emphasis on strengthening community welfare activities, Collective action against rising drug abuse, Announcement of family meet on September 17, 2026