ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഖത്തർ ചാപ്റ്ററിന് ഔദ്യോഗിക തുടക്കം ഭാരവാഹികളെ പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ

ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികള്‍് ട്രസ്റ്റി ചാണ്ടി ഉമ്മന്‍ എം.എല്‍.എയൊക്കൊപ്പം
ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികള്‍് ട്രസ്റ്റി ചാണ്ടി ഉമ്മന്‍ എം.എല്‍.എയൊക്കൊപ്പം

മുൻ കേരള മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം രൂപീകരിച്ച ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ഖത്തർ ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു. അദ്ദേഹം ഉയർത്തിപ്പിടിച്ച ജനസേവനത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മാതൃക പ്രവാസി സമൂഹത്തിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാപ്റ്റർ രൂപീകരിച്ചത്. ദോഹയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ ട്രസ്റ്റിയും പുതുപ്പള്ളി എം.എൽ.എയുമായ അഡ്വ. ചാണ്ടി ഉമ്മനാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

ഭാരവാഹികൾ:

  • മുഖ്യരക്ഷാധികാരി: ജെ.കെ. മേനോൻ
  • ചെയർമാൻ: ജൂട്ടസ് പോൾ
  • ജനറൽ സെക്രട്ടറി: ശ്രീജിത്ത് എസ്. നായർ
  • ട്രഷറർ: നാസർ വടക്കേക്കാട്
  • വൈസ് ചെയർമാൻമാർ: വിനോദ് കോര, ജീസ് ജോസഫ്, മുജീബ് വി.സി.
  • ഉപദേശക സമിതി അംഗങ്ങൾ: ഡേവിസ് ഇടക്കളത്തൂർ, വി.എസ്. നാരായണൻ
  • കമ്മിറ്റി അംഗങ്ങൾ: ജോബി തോമസ്, മുഹമ്മദ് റാഫി, മുഹമ്മദ് സാഹിർ, നവാസ് തെക്കുംപുറം, നൗഫൽ കാട്ടൂപ്പാറ, ഷനീർ ഇടശ്ശേരി, ജാഫർ കംബാല.

സമൂഹത്തിലെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ക്ഷേമം, വിദ്യാഭ്യാസം, കായികരംഗത്തിന്റെ പുരോഗതി, ആരോഗ്യപരിപാലനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും ഫൗണ്ടേഷൻ പ്രവർത്തിക്കുക.

സാമ്പത്തികമായും സാമൂഹികമായും പ്രയാസങ്ങൾ നേരിടുന്നവർക്ക് തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനും അവരുടെ സാമ്പത്തിക ഉന്നമനത്തിനും ആവശ്യമായ പിന്തുണ നൽകുക, ജാതി, മതം, ലിംഗം, വർണം എന്നിവയുടെ വ്യത്യാസമില്ലാതെ എല്ലാവർക്കും കായികരംഗത്ത് തുല്യ അവസരങ്ങൾ ഉറപ്പാക്കുക, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് വിദ്യാഭ്യാസം, തൊഴിൽപരിശീലനം, വൊക്കേഷണൽ പരിശീലനം എന്നിവ ലഭ്യമാക്കുക തുടങ്ങിയവ ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങളാണ്.

രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനുള്ള ആരോഗ്യസംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന രോഗികൾക്ക് സഹായം നൽകുക, മുതിർന്ന പൗരന്മാർക്കായി കായിക-ആരോഗ്യ സൗകര്യങ്ങളോടുകൂടിയ സീനിയർ സിറ്റിസൺ ഹോമുകൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾക്കും ഫൗണ്ടേഷൻ മുൻഗണന നൽകും.

കൂടാതെ, സ്പോർട്സ് സയൻസ്, കായിക പ്രകടന മെച്ചപ്പെടുത്തൽ, കായികതാരങ്ങളുടെ പരിക്കുകൾ തടയുന്നതിനുള്ള ഗവേഷണം, പരിശീലന കേന്ദ്രങ്ങളുടെ വികസനം, കായിക മത്സരങ്ങളുടെ സംഘാടനം, കായിക സംരംഭങ്ങളുമായുള്ള സഹകരണം തുടങ്ങിയ മേഖലകളിലും സജീവമായി ഇടപെടാൻ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു.

ഉമ്മൻ ചാണ്ടി എന്ന ജനനായകൻ ഉയർത്തിപ്പിടിച്ച മാനവികതയുടെയും മതേതരത്വത്തിന്റെയും ജനസേവനത്തിന്റെയും കാരുണ്യത്തിന്റെയും മഹത്തായ ആശയങ്ങളും ആദർശങ്ങളും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനൊപ്പം, സാധാരണക്കാരുടെ ജീവിതത്തിൽ ആശ്വാസവും പ്രതീക്ഷയും പകരുന്ന പ്രവർത്തനങ്ങളിലൂടെ അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും സജീവമായി നിലനിർത്തുക എന്നതാണ് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഖത്തർ ചാപ്റ്ററിന്റെ ലക്ഷ്യം