ഖത്തർ റാസ് ലഫാനിലെ സ്ഫോടനം: കൊല്ലപ്പെട്ടവരിൽ 12 പേർ ഇന്ത്യക്കാർ; ഒരു കോഴിക്കോട് സ്വദേശിയും

ദോഹ: ഖത്തറിലെ പ്രമുഖ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിൽ ഞായറാഴ്ച രാത്രിയുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും. കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി കളരിയുള്ളതിൽ അർജുൻ (30) ആണ് മരിച്ചത്.
കൊല്ലപ്പെട്ടവരിൽ അർജുൻ ഉൾപ്പെടെ 12 ഇന്ത്യക്കാരും ഒരു പാകിസ്താൻ സ്വദേശിയുമുള്ളതായി ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സ്ഫോടനത്തിൽ 66 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ മാർച്ചിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് മാസങ്ങളായി ഉൽപ്പാദനം നിർത്തിവെച്ചിരുന്ന പ്ലാന്റിന്റെ പ്രവർത്തനം തൊഴിലാളികൾ പുനരാരംഭിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മാർച്ചിലുണ്ടായ മിസൈൽ ആക്രമണത്തിൽ പ്ലാന്റിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് പ്രാഥമിക കാരണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അപകടത്തിൽ ദോഹയിലെ ഇന്ത്യൻ എംബസി ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തുകയും ഖത്തർ സർക്കാരിനും ജനങ്ങൾക്കും ഒപ്പം ഇന്ത്യൻ സമൂഹത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സഹായങ്ങൾക്കുമായി എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും (+974 5564 7502, +974 5538 4683) ഇമെയിൽ വിലാസവും (cons.doha@mea.gov.in) ലഭ്യമാക്കിയിട്ടുണ്ട്.
Content Highlights: Tragic explosion at Ras Laffan industrial zone in Qatar, Confirmed death of Arjun (30) from Kozhikode, Kerala, Total death toll includes 12 Indians and one Pakistani national, 66 individuals sustained injuries during the incident, Official investigation underway by Qatar Ministry of Interior