ഡബ്ല്യു.എം.എഫ് ഒമാൻ ചാപ്റ്ററിന്റെ ഓണാഘോഷം വർണാഭമായി

ഓണാഘോഷത്തിൽനിന്ന്
ഓണാഘോഷത്തിൽനിന്ന്

മസ്‌കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഒമാൻ ചാപ്റ്ററിന്റെ ഓണാഘോഷം റുവിയിലെ സ്റ്റാർ ഓഫ് കൊച്ചിൻ ബാങ്ക്വറ്റ് ഹാളിൽ വർണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. സംഘടനയുടെ പത്താം വാർഷികവും ചടങ്ങിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.

ഡബ്ല്യു.എം.എഫ്. ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്‌നകുമാർ, ഗ്ലോബൽ പ്രസിഡന്റ് ആനി ലിബു, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഉല്ലാസ് ചെറിയാൻ, ദേശീയ പ്രസിഡന്റ് ജോർജ് പി. രാജൻ തുടങ്ങിയ നേതാക്കളും വിവിധ തലങ്ങളിലെ ഭാരവാഹികളും അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

കുട്ടികളുടെയും വനിതകളുടെയും കലാപരിപാടികൾ, ഗാനങ്ങൾ, കവിതാവതരണങ്ങൾ, ഡബ്ല്യു.എം.എഫിന്റെ ലിറ്റിൽ സ്റ്റാർസ് അവതരിപ്പിച്ച പരിപാടികൾ എന്നിവ ആഘോഷത്തിന് മികവേകി. തംജീദ് അവതരിപ്പിച്ച മാവേലി വേഷവും കുട്ടികൾക്കായി സംഘടിപ്പിച്ച കളികളും ശ്രദ്ധേയമായി. പരമ്പരാഗത ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി.

അഞ്ജുവും അനിൽ വർഗീസും പ്രോഗ്രാം കോഡിനേറ്റർമാരായും ദീപ്തി ശ്യാം അവതാരകയായും പ്രവർത്തിച്ചു. അനിത രാജൻ, രൂപ സുനിൽ എന്നിവർ ഡെസ്‌ക് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കുട്ടികളുടെ കളികൾ ഇന്ദു നാരായണൻ കോഡിനേറ്റ് ചെയ്തു. അനൂപ് ദിവാകരൻ, അർച്ചന, ജയനന്ദൻ, പ്രവീൺ മാധവൻ, നീത അനിൽ, ഡോ. അഞ്ജു, മുഹമ്മദ് യാസീൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ജീവനം മെഡിപോളിസ്, ആക്‌സിസ് മെഡിക്കൽ സൊല്യൂഷൻസ്, ഒയാസിസ് ഗ്രേസ്, അൽ- ഗസാൽ ബിരിയാണി റൈസ്, ടീജാൻ ഫർണിഷിങ് എൽ.എൽ.സി, അൽ ഔഫുഖ്, അൽ നഈമി ഫാർമസി എൽ.എൽ.സി. എന്നിവരായിരുന്നു സ്‌പോൺസർമാർ. നേതാക്കളുടെയും അംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തവും സന്നദ്ധ പ്രവർത്തകരുടെ സഹകരണവും ആഘോഷത്തിന്റെ വിജയത്തിന് കരുത്തായി. പ്രവാസി മലയാളികൾക്കിടയിൽ ഐക്യവും സൗഹൃദവും സാംസ്‌കാരിക ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതായി പരിപാടി മാറി.

Content Highlights: World Malayali Federation Oman Chapter celebrated Onam and its 10th anniversary in Ruwi