സോക്ക ലോകകപ്പ് ഒമാന് കിരീടം

മസ്‌കറ്റ്: മിഡില്‍ ഈസ്റ്റില്‍ ആദ്യമായി നടന്ന സോക്ക ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഒമാന്‍ ജേതാക്കളായി. സീബിലെ ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷനില്‍ നടന്ന ആവേശകരമായ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ കസാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഒമാന്‍ ചാമ്പ്യന്മാരായത്. നിശ്ചിത സമയത്തും, അധിക സമയത്തും സ്‌കോര്‍ 1-1 സമനിലയില്‍ കലാശിച്ചതിനെതുടര്‍ന്ന് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒമാന്‍ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍, കസാക്കിസ്ഥാന് ഒരു ഗോള്‍ മാത്രമേ നേടാനായുള്ളൂ. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് കണക്കിലെടുത്ത് ഈ വിജയം ഒമാനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന നേട്ടമായി കാണാവുന്നതാണ്. നേരെത്തെ സെമിയില്‍ റൊമാനിയയെ 4-1 ന് പരാജയപ്പെടുത്തിയാണ് ഒമാന്‍ ഫൈനലില്‍ ഇടം നേടിയത്. ആറ് ഗ്രൂപ്പുകളിലായി 40 ടീമുകളാണ് സിക്‌സ് എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ടൂര്‍ണമെന്റ് വീക്ഷിക്കാന്‍ വന്‍ജനാവലിയാണ് ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ഗ്രൗണ്ടിലേക്ക് ഒഴുകിയത്.
Content Highlights: world cup