ഒമാനിൽ സൗരോർജ്ജ സെൽ വൃത്തിയാക്കാൻ റോബോട്ട്

മസ്കറ്റ്: റോബോട്ടിന്റെ ഉപയോഗം സൗരോർജ മേഖലയിലും പരീക്ഷിച്ച് ഒമാൻ. പെട്രോളിയം ഡെവലപ്‌മെൻ്റ് ഒമാനുമായി (പി.ഡി.ഒ) സഹകരിച്ചുകൊണ്ട് ഒമാൻ ആസ്ഥാനമായുള്ള റെയ്‌ഡ് (റോബോട്ടിക്‌സ് & എ.ഐ. ഡെവലപ്‌മെൻ്റ്) എന്ന സ്ഥാപനമാണ് സൗരോർജ സെൽ വൃത്തിയാക്കാനുള്ള റോബോട്ടിനെ പരീക്ഷിച്ചു .ആവശ്യമുള്ളഘട്ടത്തിൽ സോളാർ സെല്ലുകൾ റോബോട്ട് സ്വയമേവതന്നെ വൃത്തിയാക്കി കൊണ്ട് സൗരോർജ്ജ നിലയങ്ങളുടെ കാര്യക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടുത്തുന്ന സംവിധാനമായി മാറും.
ഉയർന്ന കാര്യക്ഷമതയോടെ വിശാലമായ സോളാർ സെൽ സ്റ്റേഷനുകൾ വൃത്തിയാക്കുന്നതിനായി തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത സവിശേഷമായ കണ്ടുപിടുത്തമാണ് സോളാർ സെൽ ക്ലീനിങ് റോബോട്ട് എന്ന് റെയ്ഡ് കമ്പനി മേധാവി അബ്ദുൽറഹ്മാൻ അഫാൻ അൽ ഹാജി പറഞ്ഞു.
മനുഷ്യ പ്രയത്നം കൊണ്ട് ക്ലീനിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ഉണ്ടാവുന്ന അപകടസാധ്യതകൾ ഒഴിവാക്കാനും മനുഷ്യ പ്രയത്നം കുറയ്ക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അൽ ഹാജി കൂട്ടിച്ചേർത്തു.
പി.ഡി.ഒയിൽ റോബോട്ടിനെ പരീക്ഷിച്ചുവെന്നും അതിൻ്റെ ഫലം 'ഉയർന്ന കാര്യക്ഷമത' തന്നെയാണെന്നും അൽ ഹാജി ചൂണ്ടിക്കാട്ടി. റോബോട്ട് യൂണിറ്റ് 700-ലധികം സോളാർ പാനലുകൾ വൃത്തിയാക്കി. എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കാൻ റോബോട്ട് അനുയോജ്യമാണ്.
ശുചീകരണത്തിന് ഉപയോഗിക്കുന്ന ജലത്തിൻ്റെ അളവ് കുറയ്ക്കുന്നതിനും സൗരോർജ്ജ യൂണിറ്റുകളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും പുനരുപയോഗിക്കാനാവാത്ത ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഈ സാങ്കേതികവിദ്യ മികച്ച സേവനമാണ് ചെയ്യുന്നത്. ഇതിന്റെ ഉപയോഗത്തിലെ സൂഷ്മതയും കാര്യക്ഷമതയും ഈ പ്രവർത്തനത്തിലെ സുസ്ഥിരത ഉറപ്പാക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.
Content Highlights: Robot tested cleaning solar power cells in Oman