ഒമാനിൽ ഇ-കൊമേഴ്സ് വ്യാപാരം വർധിച്ചു; എ.ടി.എം ഇടപാടുകളിൽ ഇടിവ്

മസ്കറ്റ്: ഒമാനിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾക്ക് പ്രചാരമേറിയതോടെ ഓൺലൈൻ വ്യാപാര മേഖലയിൽ വൻ വളർച്ച. 2025-ൽ രാജ്യത്തെ ഇ-കൊമേഴ്സ് ഇടപാടുകളുടെ മൂല്യം 20.4 ശതമാനം വർധിച്ച് 182 കോടി റിയാലിലെത്തി. ഇതേ കാലയളവിൽ എ.ടി.എം വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിൽ 14.5 ശതമാനത്തിന്റെ ഇടിവുണ്ടായതായും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ) പുറത്തുവിട്ട സാമ്പത്തിക സ്ഥിരതാ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഓൺലൈൻ വ്യാപാരത്തിന്റെ വളർച്ചയും കോൺടാക്ട്ലെസ്, കാർഡ് അധിഷ്ഠിത ഇടപാടുകളുടെ വർധിച്ച ഉപയോഗവുമാണ് ഇ-കൊമേഴ്സ് മേഖലയുടെ കുതിപ്പിന് കരുത്തേകിയതെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. എ.ടി.എം വഴിയുള്ള ഇടപാടുകളുടെ ആകെ മൂല്യം 266 കോടി റിയാലായി ചുരുങ്ങി. ദൈനംദിന ആവശ്യങ്ങൾക്കായി നേരിട്ട് പണം പിൻവലിക്കുന്ന പ്രവണത ജനങ്ങൾക്കിടയിൽ കുറഞ്ഞുവരുന്നതിന്റെ വ്യക്തമായ സൂചനയാണിത്.
രാജ്യത്തെ ആഭ്യന്തര പേയ്മെന്റ് ശൃംഖലയായ 'ഒമാൻനെറ്റ്' വഴിയുള്ള ഇടപാടുകളിലും ഡിജിറ്റൽ മുന്നേറ്റം പ്രകടമാണ്. ഇതിൽ ഇ-കൊമേഴ്സിന്റെ വിഹിതം 2024-ലെ 13.8 ശതമാനത്തിൽ നിന്ന് 2025-ൽ 17.5 ശതമാനമായി ഉയർന്നു; 2021-ൽ ഇത് കേവലം 0.5 ശതമാനം മാത്രമായിരുന്നു. മറുവശത്ത്, എ.ടി.എം ഇടപാടുകളുടെ വിഹിതം 2021-ലെ 58.2 ശതമാനത്തിൽ നിന്ന് 2024-ൽ 26.1 ശതമാനമായും, 2025-ൽ 19 ശതമാനമായും താഴ്ന്നു.
അതേസമയം, വ്യാപാര സ്ഥാപനങ്ങളിലെ പോയിന്റ് ഓഫ് സെയിൽ (പി.ഒ.എസ്) മെഷീനുകൾ വഴിയുള്ള ഇടപാടുകളിൽ 47.4 ശതമാനത്തിന്റെ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയത്. 423 കോടി റിയാലാണ് പി.ഒ.എസ് വിഭാഗത്തിലെ ആകെ ഇടപാട് മൂല്യം. ഒമാൻനെറ്റ് വഴിയുള്ള ആഭ്യന്തര ഇടപാടുകളിൽ പി.ഒ.എസ് പേയ്മെന്റുകളുടെ വിഹിതം 2024-ലെ 60.1 ശതമാനത്തിൽ നിന്ന് 63.3 ശതമാനമായി വർധിച്ചു.
ഇ-കൊമേഴ്സ്, എ.ടി.എം, പി.ഒ.എസ് എന്നീ മൂന്ന് വിഭാഗങ്ങളിലുമായി 2025-ലെ ആകെ ഇടപാടുകളുടെ മൂല്യം 39.4 ശതമാനം വർധിച്ച് 872 കോടി റിയാലിലെത്തി. ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ രാജ്യത്തെ സാധാരണക്കാരിലേക്ക് കൂടുതൽ ആഴത്തിൽ എത്തിയതിന്റെയും പണരഹിത ഇടപാടുകൾ വ്യാപകമായതിന്റെയും തെളിവായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്.
Content Highlights: Oman News Digital Transaction