മെട്രൊപൊളിറ്റൻസ് എറണാകുളം- ഒമാൻ ചാപ്റ്റർ 'കൊച്ചിൻ കാർണിവൽ

മസ്കറ്റ്: ഒമാനിലെ പ്രവാസികളായ എറണാകുളം നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ 'മെട്രൊപൊളിറ്റൻസ് എറണാകുളം - ഒമാൻ ചാപ്റ്റർ' നാലാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് 'കൊച്ചിൻ കാർണിവൽ 2027' എന്ന പേരിൽ മെഗാ കലാവിരുന്ന് സംഘടിപ്പിക്കുന്നു. 2027 ജനുവരി 15 വെള്ളിയാഴ്ച റൂവി അൽഫലാജ് ഗ്രാൻഡ് സ്ഫിയർ ഹാളിലാണ് പരിപാടി. കേരള ഫിഷറീസ്, ഹാർബർ എഞ്ചിനീയറിങ്, സാമൂഹികനീതി, കുഫോസ് വകുപ്പ് മന്ത്രിയും കളമശ്ശേരി എം.എൽ.എയുമായ അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
പ്രവാസി മലയാളികൾക്ക് അവിസ്മരണീയമായ കലാവിരുന്ന് സമ്മാനിക്കുന്ന മെഗാ ഷോയിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ ഗായകരും കലാകാരന്മാരും ഹാസ്യതാരങ്ങളും ഒമാനിലെ പ്രാദേശിക കലാപ്രതിഭകളും അണിനിരക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.എസ്. പ്രസാദ് പ്രോഗ്രാം ഡയറക്ടറായി നേതൃത്വം നൽകുന്ന പരിപാടിയിൽ പ്രശസ്ത ഗായകരായ കൗശിക്, റഫീക് റഹ്മാൻ, ചിത്ര അരുൺ, വൈഗ എന്നിവർ സംഗീത വിരുന്നൊരുക്കും. സ്റ്റാൻഡപ്പ് കോമഡിയുമായി സുമേഷ് ചന്ദ്രനും ഡബ്ബിങ് രംഗത്തെ പ്രമുഖനായ ജയദേവ് കലവൂരും വേദിയിലെത്തും. മസ്കറ്റിലെ സംഗീത പ്രേമികൾക്ക് സുപരിചിതനും സംഘടനാംഗവുമായ ജെറിയുടെ നേതൃത്വത്തിലുള്ള 'ഹാഫ്നോട്ട് ഓർക്കസ്ട്ര'യും നാട്ടിലെയും പ്രവാസലോകത്തെയും കലാകാരന്മാരും ഒന്നിക്കുന്ന പ്രകടനങ്ങൾ പരിപാടിയുടെ പ്രധാന ആകർഷണമാകും.
കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന സംഘടനയാണ് മെട്രൊപൊളിറ്റൻസ് എറണാകുളം - ഒമാൻ ചാപ്റ്റർ. പ്രവാസികൾക്കിടയിൽ സൗഹൃദവും ഐക്യവും വളർത്തുന്നതിനൊപ്പം, കേരളത്തിലെപ്രത്യേകിച്ച് എറണാകുളം ജില്ലയിലെഅർഹരായ ജനവിഭാഗങ്ങളുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ടാണ് സംഘടന പ്രവർത്തിക്കുന്നത്. സംഗീതവും നൃത്തവും ഹാസ്യവും കോർത്തിണക്കിയ 'കൊച്ചിൻ കാർണിവൽ 2027' പ്രവാസികൾക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഒത്തുചേരാനും ആഘോഷിക്കാനുമുള്ള വേദിയൊരുക്കും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഒമാനിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും സഹകരണവും പങ്കാളിത്തവും അഭ്യർത്ഥിക്കുന്നതായും സംഘാടകസമിതി അറിയിച്ചു.
Content Highlights: Cochin Carnival, Pravasi News Oman