ഒമാനിൽ ബസ്സും ട്രക്കുകളും കൂട്ടിയിടിച്ചു; നാലുപേർ മരിച്ചു

മസ്‌കറ്റ് : ഒമാനിലെ സുൽത്താൻ സയീദ് ബിൻ തൈമൂർ റോഡിൽ (ഹൈമ - തുംറൈത്ത് പാതയിൽ) രണ്ട് ട്രക്കുകളും യാത്രാ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇന്ന് പുലർച്ചെ 1.30-ഓടെയായിരുന്നു അപകടം. രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതിന് പിന്നാലെ, 26 യാത്രക്കാരുമായി വരികയായിരുന്ന ബസ്സ് ഇതിലൊരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ വിവിധ തരത്തിലുള്ള പരിക്കേറ്റ 17 പേരെ വിദഗ്ധ ചികിത്സയ്ക്കായി ഹൈമ, നിസ്വ, ആദം എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. റോയൽ ഒമാൻ പോലീസും (ROP) സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും (CDAA) സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

Content Highlights: Accident Death, Pravasi News Oman