ജനങ്ങൾക്ക് ആശ്വാസം; അവശ്യസാധനങ്ങളുടെയും മരുന്നുകളുടെയും വാറ്റ് പൂർണ്ണമായും ഒഴിവാക്കി

മസ്‌കറ്റ് : ഒമാനിൽ നിത്യോപയോഗ സാധനങ്ങൾക്കും മരുന്നുകൾക്കും വിവിധ മെഡിക്കൽ ഉപകരണങ്ങൾക്കും മൂല്യവർധിത നികുതി പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ടാക്‌സ് അതോറിറ്റി ഉത്തരവിറക്കി. ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വരുന്ന പുതിയ തീരുമാനം അനുസരിച്ച് മുൻപുണ്ടായിരുന്ന അഞ്ച് ശതമാനം വാറ്റിൽ നിന്ന് ഈ ഉത്പ്പന്നങ്ങളെ 'പൂജ്യം ശതമാനം' നിരക്കിലേക്ക് മാറ്റിയിരിക്കുകയാണ്. ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനും വിപണിയിലെ വിലക്കയറ്റം തടയുന്നതിനുമായി ഒമാൻ ഭരണകൂടം കൈക്കൊണ്ട ഏറ്റവും വലിയ ആശ്വാസ നടപടികളിലൊന്നാണിത്.
മുൻപ് 488 അവശ്യ ഭക്ഷ്യവസ്തുക്കൾക്ക് ലഭിച്ചിരുന്ന വാറ്റ് ഇളവ്, ഈ പുതിയ ഇളവിലൂടെ കൂടുതൽ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി 807 ആയി വിപുലീകരിച്ചിട്ടുമുണ്ട്. ഇറച്ചി, കോഴി, പാൽ, പച്ചക്കറികൾ, പഴങ്ങൾ, മീൻ, മുട്ട, ധാന്യങ്ങൾ, ഗോതമ്പുമാവ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള എല്ലാ ഭക്ഷ്യവസ്തുക്കൾക്കും ഇനി മുതൽ പൂർണ്ണമായും വാറ്റ് ഇളവ് ലഭിക്കും.
ഒപ്പം ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള മരുന്നുകൾ, ഹെർബൽ ഉൽപ്പന്നങ്ങൾ, ബയോളജിക്കൽ ഉൽപ്പന്നങ്ങൾ, അനുബന്ധ മെഡിക്കൽ സാമഗ്രികൾ എന്നിവയ്ക്കും പൂജ്യം ശതമാനം വാറ്റ് മാത്രമായിരിക്കും ബാധകം. മൃഗസംരക്ഷണ മേഖലയെ പിന്തുണയ്ക്കുന്നതിനായി മൃഗങ്ങൾക്കുള്ള മരുന്നുകൾ, ലൈവ്‌സ്റ്റോക്ക് ഉപകരണങ്ങൾ, മൃഗതീറ്റ എന്നിവയ്ക്കും വാറ്റ് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
സൽത്തനേറ്റ് ടാക്‌സ് അതോറിറ്റിയുടെ പുതിയ തീരുമാനങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും, ഒക്ടോബർ ഒന്ന് മുതൽ വിപണിയിൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമ്പോൾ ജനങ്ങളുടെ പ്രതിമാസ കുടുംബ ബജറ്റിൽ വലിയ രീതിയിലുള്ള ആശ്വാസം ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.