ഒമാനിൽ ഐ.ടി. കമ്പനികൾക്ക് പുതിയ ലൈസൻസിങ് ചട്ടങ്ങൾ

മസ്കറ്റ്: ഒമാനിലെ ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ലൈസൻസും പെർമിറ്റും ഏർപ്പെടുത്തുന്നതിനുള്ള പുതിയ ചട്ടങ്ങൾ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി തയ്യാറാക്കുന്നു. പുതിയ നിയമത്തിലൂടെ ഐ.ടി. മേഖലയിലേക്കും അതോറിറ്റിയുടെ നിയന്ത്രണാധികാരം വ്യാപിപ്പിച്ചതിന്റെ ഭാഗമായാണ് നടപടി. അതേസമയം, വിശദമായ ചട്ടങ്ങൾ തയ്യാറാകുന്നതുവരെ നിലവിൽ പ്രവർത്തിക്കുന്ന കമ്പനികൾ പുതിയ നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സാങ്കേതിക കമ്പനികളുടെ വിപണി പ്രവേശനം നിയന്ത്രിക്കുന്നതിനും ലൈസൻസുകളും പെർമിറ്റുകളും അനുവദിക്കുന്നതിനുമുള്ള അധികാരം പുതിയ നിയമം അതോറിറ്റിക്ക് നൽകുന്നുണ്ടെന്ന് വക്താവ് അഹമ്മദ് ബിൻ ഹസ്സൻ അൽ ഹദാബി അറിയിച്ചു. ഏതെല്ലാം ഡിജിറ്റൽ സേവനങ്ങൾക്കും പ്രവർത്തനങ്ങൾക്കുമാണ് അനുമതി ആവശ്യമുള്ളതെന്നും കമ്പനികൾ പാലിക്കേണ്ട വ്യവസ്ഥകൾ എന്തൊക്കെയാണെന്നും പുതിയ ചട്ടങ്ങളിൽ ഉടൻ വ്യക്തമാക്കും. സോഫ്റ്റ്വേർ സേവനങ്ങൾ, സിസ്റ്റം വികസനം, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഉള്ളടക്ക പ്ലാറ്റ്ഫോമുകൾ എന്നിവയും വിപുലീകരിച്ച നിയന്ത്രണ പരിധിയിൽ ഉൾപ്പെടും. എന്നാൽ, നിലവിൽ ആപ്പുകൾ, പ്ലാറ്റ്ഫോമുകൾ, സോഫ്റ്റ്വേർ പരിഹാരങ്ങൾ എന്നിവ നൽകുന്ന സ്ഥാപനങ്ങൾ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതുവരെ പ്രത്യേക നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെലികമ്മ്യൂണിക്കേഷൻസ്, ഐ.ടി. സേവനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുകയും പല സ്ഥാപനങ്ങളും കണക്റ്റിവിറ്റിയോടൊപ്പം ഡിജിറ്റൽ സേവനങ്ങളും നൽകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രണ്ട് മേഖലകളെയും ഏകീകൃത നിയന്ത്രണ സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്നത്. ടെലികോം മേഖലയ്ക്ക് സേവനം നൽകുന്ന ചില സോഫ്റ്റ്വേർ വികസന പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും അതോറിറ്റി ഇതിനകം ചട്ടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ അന്തിമമാക്കുന്നതിന് മുമ്പ് വ്യവസായ മേഖലയിലെ സ്ഥാപനങ്ങളുമായി കൂടുതൽ കൂടിയാലോചനകൾ നടത്തുമെന്നും കരട് ചട്ടങ്ങളിൽ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ, മറ്റ് ബന്ധപ്പെട്ട കക്ഷികൾ എന്നിവരിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും അധികൃതർ അറിയിച്ചു.
ഐ.ടി. മേഖലയിലേക്കുള്ള നിയന്ത്രണാധികാരം വ്യാപിപ്പിക്കുമ്പോഴും ഉപഭോക്തൃ സംരക്ഷണത്തിന് മുൻഗണന നൽകുമെന്ന് അൽ ഹദാബി പറഞ്ഞു. ഉപയോക്താക്കളുടെ പരാതികൾ പരിഗണിക്കുക, സേവനങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കുക, വിപണിയിലെ മത്സരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കുക എന്നിവ അതോറിറ്റിയുടെ ചുമതലകളായിരിക്കും. ലൈസൻസുള്ള ടെലികോം കമ്പനികൾ തമ്മിലുള്ള മത്സരം സേവന നിരക്കുകൾ നിർണയിക്കുന്നതിൽ നിർണായകമാണെന്നും മത്സരം ശക്തമാകുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ചതും വൈവിധ്യമാർന്നതുമായ സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടെലികോം, ഐ.ടി. മേഖലകളെ ഒരേ നിയന്ത്രണ സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്നത് നിക്ഷേപകർക്ക് പ്രവർത്തന വ്യവസ്ഥകളിൽ കൂടുതൽ വ്യക്തത നൽകുമെന്ന് അൽ ഹദാബി പറഞ്ഞു. ഒമാനിലെ സാങ്കേതിക സ്ഥാപനങ്ങളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും സോഫ്റ്റ്വേർ വികസനം ഉൾപ്പെടെയുള്ള ഡിജിറ്റൽ മേഖലകളിൽ സ്വദേശികൾക്ക് നൈപുണ്യാധിഷ്ഠിത തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക വൈവിധ്യവത്കരണം, ഡിജിറ്റൽ സേവനങ്ങളിലെ നിക്ഷേപം, സാങ്കേതിക മേഖലയിലെ തൊഴിൽ സാധ്യതകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങളുമായി ചേർന്നാണ് പുതിയ നിയന്ത്രണ സംവിധാനം നടപ്പാക്കുന്നത്.