അയ്‌ക്കൂറ മത്സ്യബന്ധനത്തിനും വിപണനത്തിനും താൽക്കാലിക നിരോധനം ഏർപ്പെടുത്തി

മസ്കറ്റ്: ഒമാനിൽ അയ്‌ക്കൂറ മത്സ്യബന്ധനത്തിനും വിപണനത്തിനും താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് വിലക്കെന്ന് ഒമാൻ കൃഷി, ജലവിഭവ, മത്സ്യബന്ധന മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മത്സ്യസമ്പത്തിന്റെ സംരക്ഷണവും നെയ്‌മീനുകളുടെ സ്വാഭാവിക പ്രജനനവും ഉറപ്പാക്കുന്നതിനാണ് രണ്ടു മാസത്തെ താൽക്കാലിക നിയന്ത്രണം.

മത്സ്യത്തൊഴിലാളികൾ, വിതരണക്കാർ, കച്ചവടക്കാർ, കയറ്റുമതിക്കാർ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവർ നിരോധന കാലയളവിൽ നെയ്‌മീൻ പിടിക്കാനോ വിൽക്കാനോ സൂക്ഷിച്ചു വെക്കാനോ പാടില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം നിലവിൽ നെയ്‌മീൻ ശേഖരമുള്ള വ്യാപാരികളും വ്യക്തികളും നിശ്ചിത സമയത്തിനകം ബന്ധപ്പെട്ട മന്ത്രാലയ അധികൃതർക്ക് മുമ്പാകെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Content Highlights: Temporary ban on kingfish fishing and trade in Oman