തിരഞ്ഞെടുത്ത അന്താരാഷ്ട്ര റൂട്ടുകളിൽ ബാഗേജ് പരിധി ഉയർത്തി ഒമാൻ എയർ

മസ്കറ്റ് : ഇന്ത്യൻ ഉപഭൂഖണ്ഡം ഉൾപ്പെടെ ചില പ്രധാന അന്താരാഷ്ട്ര റൂട്ടുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കി ഒമാൻ എയർ ബാഗേജ് അലവൻസ് വർദ്ധിപ്പിച്ചു. മുൻപ് കാബിൻ ബാഗേജ് മാത്രം അനുവദിച്ചിരുന്ന ‘സൂപ്പർ സേവർ’ നിരക്കിൽ ഇപ്പോൾ മുതൽ 20 കിലോ വരെ ചെക്ക്-ഇൻ ബാഗേജ് കൂടി ഉൾപ്പെടുത്തുന്നതായി എയർലൈൻ അറിയിച്ചു. ഈ പുതുക്കിയ സൗകര്യം ഇന്ത്യൻ ഉപഭൂഖണ്ഡം, കെയ്റോ, മനില, ദാർ എസ് സലാം, ബാഗ്ദാദ്, സാൻസിബാർ എന്നീ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ബാധകമായിരിക്കും. ഇതിലൂടെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യുന്നവർക്കും കൂടുതൽ ബാഗേജ് കൊണ്ടുപോകാനുള്ള അവസരം ലഭിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
അതേസമയം, അതേ റൂട്ടുകളിൽ മറ്റ് നിരക്കുകളിലും ബാഗേജ് പരിധിയിൽ വ്യത്യാസങ്ങളുണ്ട്. ‘കംഫർട്ട്’ നിരക്കിൽ യാത്ര ചെയ്യുന്നവർക്ക് 30 കിലോയും ‘ഫ്ലെക്സ്’ നിരക്കിൽ യാത്ര ചെയ്യുന്നവർക്ക് 40 കിലോയും വരെ ചെക്ക്-ഇൻ ബാഗേജ് അനുവദിക്കും.
യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ഒരുക്കുന്നതിനുള്ള ഭാഗമായാണ് ഈ മാറ്റം നടപ്പിലാക്കിയതെന്ന് എയർലൈൻ അറിയിച്ചു. പുതിയ ബാഗേജ് നയം യാത്രാനുഭവം കൂടുതൽ സുഗമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Content Highlights: Super Saver fare now includes 20kg checked baggage., Updates apply to Indian subcontinent, Cairo, Manila, Dar es Salaam, Baghdad, and Zanzibar., Comfort fare offers 30kg and Flex fare offers 40kg baggage allowance., Initiative aimed at improving passenger convenience and travel experience.