കൊലുസ് പോസ്റ്റർ പ്രകാശനം ചെയ്തു

മസ്കറ്റ്: മസ്കറ്റ് കെഎംസിസി അൽ ഖുദ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഒപ്പന മത്സരമായ 'കൊലുസ്' ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. അടുത്ത വർഷം ജനുവരി 29-ന് മിഡിൽ ഈസ്റ്റ് കോളേജിൽ ആണ് മെഗാ ഒപ്പന മത്സരം നടക്കുക. മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ടീമുകൾ മുൻകൂട്ടി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. കെഎംസിസിയുടെ സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ വേദിയിൽ വച്ചായിരുന്നു പോസ്റ്റർ പ്രകാശനം. മസ്കറ്റ് കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എ.എം. ഫാറൂഖ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം വി. നാസർ മുഖ്യാതിഥിയായിരുന്നു. സി.ബി.എസ്.ഇ ദേശീയ കായികമേളയിൽ ഹാൻഡ്ബോളിൽ വെള്ളി മെഡൽ നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. മുനീർ ടി.പി. സ്വാഗതവും ഫൈസൽ ആലുവ നന്ദിയും പറഞ്ഞു.